ദേശീയപാത വികസനം: പരാതി പരിഹരിക്കാൻ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെത്തും
1459289
Sunday, October 6, 2024 5:30 AM IST
കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിയിലെ ഉദ്യോഗസ്ഥ സംഘം എത്തും. കായംകുളം, കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ നഗരങ്ങളെ പൂര്‍ണമായി വിഭജിക്കുന്ന രീതിയിലാണ് പാതനിര്‍മാണം നടക്കുന്നത്. അടിപ്പാതകളുടേയും മേല്‍പ്പാലങ്ങളുടേയും അഭാവവും ദേശീയപാതയിലേക്ക് ആവശ്യത്തിന് എന്‍ട്രി പോയിന്റുകള്‍ ഇല്ല. ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടും വെല്ലുവിളിയും സൃഷ്ടിക്കുകയാണ്.
യാത്രക്കാരുടെ പ്രശ്നങ്ങൾ നാഷണല്‍ ഹൈവേ അഥോറിറ്റി മെമ്പര്‍ വെങ്കിട്ട രമണയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിൽ കെ.സി. വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി. ദേശീയപാത വികസന നിര്‍മാണ പ്രവര്‍ത്തിയില്‍ ജനപ്രതിനിധികളുടെ പരാതികളും പ്രാദേശിക ജനങ്ങളുടെ ആശങ്കയും പരിഗണിക്കുമെന്ന് വെങ്കിട്ട രമണ ഉറപ്പു നൽകി.
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ ഭാഗമായി ഫ്ലൈഓവര്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതുവരെ ഇരുവശത്തേക്കും ഗതാഗതയോഗ്യമായ സമാന്തരപാത ഒരുക്കണമെന്ന നിര്‍ദേശം ഇതുവരെ നടപ്പായില്ല. അതിനാല്‍ അരൂര്‍-തുറവൂര്‍ മേഖലയിലെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന എംപിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നല്കി.
50 ശതമാനം പണിപൂർത്തിയായ കായംകുളത്ത് പില്ലര്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിലെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എന്നാൽ പ്രദേശവാസികളുടെ ബുദ്ധിമുട്ടുകളും, ന്യായമായ പരാതികളും എംപി ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് പൊതുജനങ്ങളുടെ പ്രയാസം ലഘുകരിക്കാൻ സാധ്യമായ പരമാവധി നടപടികൾ സ്വീകരിക്കാൻ കെ.സി. വേണുഗോപാല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളിയിലെ നിര്‍ദിഷ്ട എലവേറ്റഡ് ഹൈവേയുടെ നീളം കൂട്ടുന്നതിനുള്ള സാധ്യതകള്‍ പരിഗണിക്കണം. കൂടാതെ വവ്വാക്കാവ്, ചങ്ങന്‍കുളങ്ങര, പുത്തന്‍തെരുവ്, ഓച്ചിറ ക്ഷേത്രം എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മിക്കുന്നതിനുള്ള സാധ്യതകളും ഗൗരവമായി പരിഗണിക്കണം .
ചേര്‍ത്തല ആഹ്വാനം ജംഗ്ഷന് എഎസ് കനാല്‍, വളഞ്ഞവഴി എസ്എന്‍ കവല എന്നിവിടങ്ങളിൽ അടിപ്പാത വേണമെന്ന ആവശ്യം എംപി ഉന്നയിച്ചു.
അടിയന്തരമായി ഈ പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് മെമ്പർ നിർദേശം നൽകുകയും ചെയ്തു. കേരളത്തിന്റെ ചുമതലയുള്ള നാഷണല്‍ ഹൈവേ അഥോറിറ്റി റീജണല്‍ ഓഫീസര്‍ മീണ, പ്രോജക്ട് ഡയറക്ടര്‍മാരായ വിപിന്‍ മധു, പ്രദീപ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.