കളക്ടറേറ്റില്‍ മുഖം തിരിച്ചറിയുന്ന പഞ്ചിംഗ് ഏര്‍പ്പെടുത്തി
1458609
Thursday, October 3, 2024 4:24 AM IST
കൊല്ലം: മുഖം തിരിച്ചറിയാനാകുന്ന (ഫേസ് റെക്കഗ്നിഷന്‍) സാങ്കേതിക വിദ്യയിൽ എന്‍ഐസി വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പഞ്ചിംഗ് കളക്ടറേറ്റിൽ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
പുതിയ സംവിധാനം നിലവിൽ വന്നതോടെ ഹാജര്‍ രേഖപ്പെടുത്തുവാന്‍ പഞ്ചിംഗ് മെഷീന് മുന്പില് ഉണ്ടാകാറുള്ള നീണ്ട ക്യൂവിനു പരിഹാരമായി. ജിപിഎസ് ലൊക്കേഷന്‍ ഉപയോഗപ്പെടുത്തി കളക്ടറേറ്റിന്റെ നിശ്ചിത ദൂരപരിധിക്ക് ഉള്ളില്‍ (ജിയോ ഫെന്‍സിങ്ങിനുള്ളില്‍) എത്തുന്ന ജീവനക്കാര്‍ക്ക് സ്വന്തം മൊബൈല്‍ ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്താനാകും.
ഇത് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തിവരികയാണ്. ജില്ലയില്‍ ആദ്യഘട്ടമായി കളക്ടറേറ്റിലും തുടര്‍ന്ന് സബ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ ഐടി സെല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.