പത്തനാപുരം റബർ പാർക്ക് കൊടിക്കുന്നിൽ സന്ദർശിച്ചു
1458607
Thursday, October 3, 2024 4:24 AM IST
കൊല്ലം: പത്തനാപുരം പിറവന്തൂർ റബർ പാർക്കിൽ സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി. റബർ പാർക്ക് മാനേജിംഗ് ഡയറക്ടർ ജോർജ് വി. ജയിംസിന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ പാർക്കിന്റെ നിലവിലെ പ്രവർത്തനങ്ങളെപ്പറ്റിയും തുടർന്ന് നടക്കുന്ന വികസന പദ്ധതികളെപ്പറ്റിയുമുള്ള വിശദമായ രൂപരേഖ ചർച്ച ചെയ്തു.
19 പ്ലോട്ടുകളിൽ ഒന്പത് പ്ലോട്ടുകളുടേയും അലോട്ട്മെന്റ് നടപടികൾ നടന്നുവരികയാണെന്നും ഒരു പ്ലോട്ടിന്റെ ലീസ് എഗ്രിമെന്റ് അടക്കമുള്ള നടപടികൾ പൂർത്തീകരിച്ചതും എംഡി യോഗത്തിൽ അറിയിച്ചു. മാർച്ചോടെ നിർമാണം പൂർത്തിയാകുന്ന ആദ്യ യൂണിറ്റിൽ നൂറിലധികം പേർക്ക് നേരിട്ടുള്ള തൊഴിലും അത്രയും പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് യൂണിറ്റിന്റെ സംരംഭകർ പറഞ്ഞു.
നിലവിൽ റോഡ്, വൈദ്യുതി വെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ റബർ പാർക്കിൽ ലഭ്യമാണ്. സംസ്ഥാനപാതയിൽ നിന്ന് മികച്ച റോഡ് കണക്ടിവിറ്റിയുള്ള പാർക്കിൽ കൂടുതൽ മെച്ചപ്പെട്ട സംരംഭങ്ങൾ ഉടനേ എത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പാർക്കിലെ കാന്റിനിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും റബർ അധിഷ്ഠിതമായ വ്യവസായം തുടങ്ങാനാശ്യമായ എഫ്ളുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും യോഗത്തിൽ എംഡി അറിയിച്ചു.
പാർക്ക് നിലനിൽക്കുന്ന സ്ഥലത്തിന്റെ പാരിസ്ഥിതിക അനുമതി അടക്കമുള്ള വിഷയങ്ങളിൽ ഇളവുകൾ ഉടനേ ലഭ്യമാകുന്നതോടെ കൂടുതൽ വ്യവസായങ്ങളും തൊഴിലവസരങ്ങളും പാർക്കിൽ സജ്ജമാകും. അവലോകന യോഗത്തിനുശേഷം പാർക്ക് ചുറ്റിക്കണ്ട എംപി നിലവിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി.
റബർ പാർക്ക് മാനേജിംഗ് ഡയറക്ടർ ജോർജ് വി. ജയിംസ്, പഞ്ചായത്ത് അംഗങ്ങളായ ജയൻ, നജീവ് ഖാൻ, ജെസി തോമസ് തുടങ്ങിയവർ ഉദ്യോഗസ്ഥർക്കും സംരംഭകർക്കും ഒപ്പം അവലോകനാ യോഗത്തിൽ പങ്കെടുത്തു.