സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടുന്നയാൾ പിടിയിൽ
1454668
Friday, September 20, 2024 5:55 AM IST
അഞ്ചല്‍: ആര്‍മി ഉദ്യോഗസ്ഥന് എന്ന വ്യാജേന ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളുടെ പണവും സ്വര്‍ണവും കവരുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്യുന്ന യുവാവ് പിടിയില്‍.
തിരുവനന്തപുരം പോത്തന്‍കോട് അണ്ടൂര്‍ക്കോണം സ്വദേശി നൗഫല്‍ എന്ന മിഥുന്‍ഷായെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചല്‍ സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് 3,80,000 രൂപയും നാലുപവന് സ്വര്‍ണവും തട്ടിയെടുത്ത പരാതിയിലാണ് മിഥുന്‍ഷാ പിടിയിലായത്.
വിവാഹിതരും ഭര്‍ത്താവ് സ്ഥലത്തില്ലാത്തവരേയും കണ്ടെത്തി പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിപ്പോന്നത്. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് പണം നഷ്ടമായതായി പോലീസ് പറഞ്ഞു.
പണമോ സ്വര്‍ണമോ തിരിച്ചു ചോദിക്കുന്നവരെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു രീതി.
ഭീഷണിയും കുടുംബം തകരുമെന്ന ഭയവും കാരണം പരാതി നല്കാന് പലരും തയാറാകാത്തതിനാൽ ചൂഷണം തുടരാൻ സഹായിച്ചതായി പോലീസ് പറഞ്ഞു.
തട്ടിപ്പ്, മോഷണം, തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് മിഥുന്ഷായെന്നു പോലീസ് പറഞ്ഞു. അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ വീട്ടമ്മയെ കടത്തികൊണ്ടു പോയതിനും, ചിതറ പോലീസ് സ്റ്റേഷനില്‍ കവര്‍ച്ചക്കും മിഥുനെതിരേ കേസുകള്‍ നിലവിലുണ്ട്. പ്രതിക്കെതിരെ കൂടുതൽ പരാതികൾ ഉള്ളതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ് പറഞ്ഞു.
എസ്ഐ പ്രജീഷ്കുമാര്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സാബു, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പോത്തന്‍കോട് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.