യുവാവ് ഒഴുക്കില്‍പെട്ടു മരിച്ച സംഭവം : കൊലപാതകമെന്ന് പോലീസ്; യുവാവ് പിടിയില്‍
1454103
Wednesday, September 18, 2024 6:05 AM IST
കുളത്തൂപ്പുഴ: ഓണാഘോഷത്തിനെത്തിയ യുവാവ് കുളത്തൂപ്പുഴയാറ്റില്‍ കാല്‍വഴുതി വീണ് ഒഴുക്കില്‍പ്പെട്ടു മരിച്ച സംഭവം കൊലപാതകം. കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍.
നിലമേല്‍ വലിയവഴി ഈട്ടിമൂട്ടില്‍ വീട്ടില്‍ മുജീബ് (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുളത്തൂപ്പുഴ ഇഎസ്എം കോളനി പൂമ്പാറ ബ്ലോക്ക് നമ്പര്‍ 47ല്‍ മനോജ് (38) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.
കുളത്തൂപ്പുഴ നെടുവണ്ണൂര്‍ക്കടവ് മുത്തശി പാലത്തിനു താഴെ ഉത്രാട ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പുഴയോരത്ത് കൂട്ടുകാരോടൊപ്പം സംഘം ചേര്‍ന്ന് മദ്യപിക്കുകയായിരുന്ന മുജീബ് സമീപത്തുണ്ടായിരുന്ന മറ്റൊരു മദ്യപസംഘത്തിന്റെ കുടിവെളളം എടുത്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം മനോജുമായി അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
അടിപിടിക്കിടെ മുജീബ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആറ്റില്‍ വീണു കാണാതായെന്നാണ് തുടക്കത്തില്‍ ഇവര്‍ പേലീസില്‍ മൊഴി നല്‍കിയിരുന്നത്.
എന്നാല്‍ ഏറെ നേരത്തിനു ശേഷം അഗ്നിരക്ഷാസേന സ്കൂബാ ടീം മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുത്ത് പരിശോധിച്ചപ്പോള്‍ സംശയകരമായ നിലയില്‍ മുജീബിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു.
ഇതേ തുര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നതും പ്രതിയെ പിടി കൂടിയതും. ഫോറന്‍സിക് വിഭാഗം പ്രദേശത്ത് പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയുംചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി പുനലൂര്‍ കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.