കുളിക്കാനിറങ്ങിയ യുവാവ് ആറ്റിൽ മുങ്ങി മരിച്ചു
1453349
Saturday, September 14, 2024 10:36 PM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചടയമംഗലം വലിയവഴി ഈട്ടിമൂട്ടില്‍ വീട്ടില്‍ മുജീബ് (39)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ നെടുവന്നൂര്ക്കടവിലായിരുന്നു സംഭവം.
മരംവെട്ട് തൊഴിലാളിയായ മുജീബ് രാവിലെ കുളത്തൂപ്പുഴയിലുള്ള സുഹൃത്തുക്കളോടൊപ്പം നെടുവന്നൂര്‍ക്കടവ് മുത്തശി പാലത്തിനു സമീപം പുഴക്കരയിലെത്തിയിരുന്നു. തുടര്‍ന്ന് പുഴയിലേക്കിറങ്ങവേ കാല്‍വഴുതി വെള്ളത്തിലകപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
സംഭവമറിഞ്ഞ് നാട്ടുകാരും പ്രദേശവാസികളും ഓടിക്കൂടിയെങ്കിലും പുഴയില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ ആരും തന്നെ വെളളത്തിലിറങ്ങാന്‍ തയാറായില്ല. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പോലീസ് പുനലൂര്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടി.
സ്കൂബാ ടീം എത്തി ഏറെ നേരം തെരച്ചില്‍ നടത്തിയ ശേഷം മീറ്ററുകള്‍ അകലെ നിന്നും മുന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.