മീൻപിടിപ്പാറ ടൂറിസം വികസന നടപടി തുടങ്ങും
1452994
Friday, September 13, 2024 5:21 AM IST
കൊട്ടാരക്കര: ടൂറിസം വികസനത്തിന് നടപടി തുടങ്ങുന്നതിന്റെ പ്രാരംഭ പ്രവർത്തന വിലയിരുത്തലിനായി മന്ത്രി കെ.എൻ. ബാലഗോപാൽ മീൻപിടിപ്പാറ സന്ദർശിച്ചു. സംസ്ഥാന ബജറ്റിൽ ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി മീൻപിടിപ്പാറയെ പ്രഖ്യാപിച്ചിട്ടുണ്ട്.
ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള ടൂറിസം കേന്ദ്രമാണ് കൊട്ടാരക്കര മീൻപിടിപ്പാറ. എംസി റോഡും കൊല്ലം തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കര പട്ടണത്തിലെ ഏക ടൂറിസം പദ്ധതിയാണിത്.
എസ്.ജി കോളജിന്റെ പിന്നിലായി പ്രകൃതിയൊരുക്കിയ സുന്ദരക്കാഴ്ചകളും ചെറു വെള്ളച്ചാട്ടവുമൊക്കെ ഉൾപ്പെടുത്തിയാണ് ടൂറിസം പദ്ധതി തയാറാക്കിയത്.
എന്നാൽ കാലാനുസൃതമായ വികസനം നടപ്പായില്ല. ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകുന്നതോടെ കൂടുതൽ സൗകര്യം ഒരുക്കുകയും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുകയും ചെയ്യും.
ഓണത്തിന് കൂടുതൽ ആളെത്തും
കൊട്ടാരക്കര: പുലമൺ തോട് തുടങ്ങുന്നത് മീൻപിടിപ്പാറയിൽ നിന്നാണ്. പരിമിതികൾ ഏറെയുണ്ടെങ്കിലും ഓണക്കാലത്ത് മീൻപിടിപ്പാറ കാഴ്ചക്കാർക്ക് ഇഷ്ട ഇടമായി മാറും. ചൂണ്ടയിൽ കൊരുത്ത വലിയ മത്സ്യ ശില്പമാണ് മുഖ്യ ആകർഷണം. ഇതിന്റെ ചുറ്റും പാറക്കെട്ടുകളും വെള്ളവുമാണ്. താഴേക്ക് വെള്ളം തട്ടിച്ചിതറിയൊഴുകുന്നു.
തൂക്കുപാലമുണ്ട്. കളിക്കോപ്പുകളും ചെടികളും കാത്തിരിപ്പ് കേന്ദ്രങ്ങളും ഊഞ്ഞാലുകളും ശില്പങ്ങളുമൊക്കെ ഇവിടെയുണ്ട്. ഓരോന്നും കാഴ്ചയ്ക്കും വിനോദത്തിനും ഇഷ്ടപ്പെടും. പ്രവേശനത്തിന് 20 രൂപയാണ് ഫീസ്. ലഘുഭക്ഷണത്തിനടക്കം സംവിധാനങ്ങളുണ്ട്.
കൂടുതൽ വികസനമെത്തിച്ച് ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കുന്നതോടെ കൂടുതൽ സഞ്ചാരികളുമെത്തുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽപറഞ്ഞു.