റോഡെല്ലാം തകർന്നു; കൊട്ടാരക്കരയിൽ യാത്ര ദുഷ്ക്കരം
1443376
Friday, August 9, 2024 6:05 AM IST
കൊട്ടാരക്കര: കൊട്ടാരക്കരയിലെ പ്രധാന റോഡുകൾ തകർന്ന് വാഹനയാത്ര ദുഷ്കരമായി. എംസി റോഡും ദേശീയ പാതയുമടക്കം തകർച്ച നേരിടുന്നു. കൊട്ടാരക്കര - പുത്തൂർ റോഡ്, പുത്തൂർ -ചീരങ്കാവ് റോഡ്, രവിനഗർ - കെഎൻഎസ് റോഡ്, ഗേൾസ് ഹൈസ്കൂൾ റോഡ് തുടങ്ങിയവ തകർന്നവയിൽപെടും.
എംസി റോഡിൽ പല ഭാഗങ്ങളിലും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടികിടക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. അന്തർദേശീയ നിലവാരത്തിൽ റോഡ് നവീകരിച്ചതാണ്.
പരാതികളെ തുടർന്ന് വീണ്ടും നവീകരിച്ചു. നവീകരണത്തിനുശേഷം ആയുർ മുതൽ കുളക്കട വരെ അപകടമേഖലയായി മാറുകയായിരുന്നു. ഈ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ സംഭവിക്കാത്ത ദിവസങ്ങൾ വിരളമാണ്. പഠനങ്ങൾ പല തവണ നടന്നു. പക്ഷേ പരിഹാരമുണ്ടായില്ല.
രവി നഗറിൽ നിന്ന് ദേശീയ പാതയിലെത്തിച്ചേരുന്ന കെഎൻഎസ് റോഡ് തകർന്നിട്ട് വർഷങ്ങളായി. മിക്കയിടത്തും ടാറിംഗ് അവശേഷിക്കുന്നില്ല. മഴ പെയ്താൽ റോഡ് വെള്ളക്കെട്ടായി മാറും. കാൽനട യാത്ര പോലും ദുഷ്കരമാണ്.
ഓയൂർ റോഡിൽ നിന്ന് ആരംഭിക്കുന്നതാണ് ഗേൾസ് ഹൈസ്കൂൾ റോഡ്. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങൾ ഈ റോഡു വശങ്ങളിലുണ്ട്. റോഡ് തകർന്നു തരിപ്പണമായിട്ട് 20 വർഷത്തോളമായി. 10 വർഷം മുൻപ് റോഡ് നവീകരണത്തിനായി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫണ്ടിൽ നിന്ന് ഒരു കോടിഅനുവദിച്ചിരുന്നു. തുടർ നടപടികൾക്ക് അധികൃതർ തയാറായില്ലെന്ന് എംപി ആരോപിക്കുന്നു.
കൊടിക്കുന്നിലിന്റെ ഫണ്ടുപയോഗിച്ച് റോഡു നവീകരിക്കണ്ട എന്ന നഗരസഭയുടെ നിലപാടാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു. പുത്തൂരിൽ നിന്ന് ദേശീയപാതയിലെത്തിച്ചേരുന്ന പ്രധാന റോഡാണ് പുത്തൂർ -ചീരങ്കാവ് റോഡ്. മിക്കയിടവും പൊട്ടിപ്പൊളിഞ്ഞു. കിടക്കുകയാണ്.
മഴ പെയ്തതോടെ തകർച്ച പൂർണമായി. കഴിഞ്ഞ ദിവസം ഈ റോഡിൽ കുഴിയടയ്ക്കൽ നാടകം അരങ്ങേറി. എന്നാൽ നാട്ടുകർ ഒന്നടങ്കം ഇത് തടഞ്ഞു. റോഡ് പൂർണമായി പുനർനിർമിക്കണമെന്നും കുഴിയടപ്പു പോലും തട്ടിപ്പാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊട്ടാരക്കര - പുത്തൂർ -ഭരണിക്കാവ് റോഡിന്റെ നവീകരണത്തിന് കിഫ്ബി ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. കിഫ്ബി റോഡുകൾക്ക് മൂന്നു തവണയായി മൂന്നു ലയർ ടാറിംഗ് നടത്തണമെന്നാണ് കരാറിലെ വ്യവസ്ഥ.
എന്നാൽ കരാറുകാരൻ ഒരു ലയർ ടാറിംഗ് നടത്തിയ ശേഷം നിർമാണം ഉപേക്ഷിച്ചു. അഞ്ചു വർഷം കഴിഞ്ഞിട്ടും ഇയാൾക്കെതിരേ നടപടികൾ സ്വീകരിക്കാനോ പകരം കരാർ നൽകാനോ തയാറായിട്ടില്ല. ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
മുസ്ലിം സ്ട്രീറ്റിൽ റോഡ് പൂർണമായി തകർന്നു. അപകടങ്ങളും നിത്യസംഭവമായി. കല്ലുംമൂട്, പഴയ ചിറ, പാങ്ങോട് തുടങ്ങിയ ഭാഗങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.ധന മന്ത്രിയുടെ മണ്ഡലത്തിലെ റോഡുകളുടെ തകർച്ച ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
പല രാഷ്ടീയ പാർട്ടികളും ഇതിനോടകം സമരങ്ങൾ നടത്തി കഴിഞ്ഞു.