ജനവാസ മേഖലയിലേയ്ക്കുള്ള വഴിയിൽ മാലിന്യം വലിച്ചെറിയുന്നു
1435740
Saturday, July 13, 2024 6:16 AM IST
പാരിപ്പള്ളി : ജനവാസ മേഖലയിലേയ്ക്കുള്ള ചെറിയ റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നു. മാലിന്യങ്ങൾ കുന്നുകൂടി അസഹ്യമായ ദുർഗന്ധം വമിക്കുന്നത് പരിസരവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ അതിൽ പുല്ലും കാടും വളർന്ന് റോഡിന്റെ വീതിപോലും വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയായി.
അതിനും പുറമേ ഇഴജന്തുക്കളുടെ ശല്യവും. പാമ്പിനെ പേടിക്കാതെ ഇതു വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്.കല്ലുവാതുക്കൽ പഞ്ചായത്തിലെ പൊയ്ക മുക്ക് മാടൻകാവ് റോഡിൽ നിന്ന് ഇടത്തേയ്ക്കുള്ള വീതി കുറഞ്ഞ റോഡിലാണ് മാലിന്യകൂമ്പാരം. തൊട്ടടുത്തുള്ള ഒരു സർവീസ് സ്റ്റേഷനിൽ നിന്നുള്ള മാലിന്യങ്ങളാണ് ഏറെയും.
വാഹനങ്ങളിലെ ചീത്തയായ സ്പോഞ്ചുകൾ, ഗ്രീസ്, കരി ഓയിൽ, മാസ്കുകൾ, മാറ്റിവയ്ക്കുന്ന സ്പെയർ സാധനങ്ങൾ തുടങ്ങി എല്ലാം ഈ റോഡിലേയ്ക്കാണ് വലിച്ചെറിയുന്നതെന്ന് പരിസരവാസികൾ പരാതി പറയുന്നു.
മഴക്കാലം കൂടി കണക്കിലെടുത്ത് മാലിന്യം നീക്കം ചെയ്യണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.