കഞ്ചാവ് കേസ് പ്രതികളെ റിമാന്‍ഡ് ചെയ്തു
1435722
Saturday, July 13, 2024 5:57 AM IST
പുനലൂർ: മുപ്പത് കിലോ കഞ്ചാവുമായി പുനലൂർ പോലീസ് പിടികൂടിയ പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാപ്പ കേസ് പ്രതി ഉൾപ്പെടെ മൂന്നു പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
കാപ്പ കേസ് പ്രതി പുനലൂർ മുസാവരിക്കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ അലുവ ഷാനവാസ് എന്ന ഐ. ഷാനവാസ് (41), വെട്ടിത്തിട്ട കുര്യോട്ടുമല അഞ്ജന ഭവനിൽ ബി. വിഷ്ണു എന്ന ബി. അജിത് (24), ചെമ്മന്തൂർ ഫൈസൽ മൻസിലിൽ ഡി. ജെസിൻ (22)എന്നിവരാണ് പിടിയിലായത്.
ഇതിൽ ഷാനവാസ് കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും കാപ്പാ നടപടി കഴിഞ്ഞും അടുത്തിടെയാണ് ജയിൽ മോചിതനായത്. കഴിഞ്ഞ ഒമ്പതിന് രാത്രി 11 ഓടെയാണ് ഷാനവാസും പുനലൂർ സ്വദേശികളായ മറ്റു രണ്ടുപേരും ഉൾപ്പെട്ട സംഘം ഓട്ടോയിൽ കഞ്ചാവ് കുര്യോയോട്ടുമല ആദിവാസി കോളനിയിലെ അജിത്തിന്റെ വീട്ടിൽ എത്തിച്ചത്.
ഒഡീഷയിൽ നിന്ന് എത്തിച്ച 30.370 കിലോ കഞ്ചാവ് 22 പാക്കറ്റുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. വില്പനക്കാരനായ നിസാം എന്നയാൾക്ക് നൽകാനാണ് ഷാനവാസ് കഞ്ചാവ് എത്തിച്ചതെന്ന് പോലിസ് പറഞ്ഞു.
ചില്ലറ വില്പനക്ക് ഇത് ചെറിയ ചെറുപൊതികളാക്കുന്നതിനിടെയാണ് അജിത്തും ജെസിനും പിടിയിലായത്. കഞ്ചാവ് കടത്തിൽപ്പട്ട മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.