ക്ണാവിൽ കായൽവാരത്തേക്കുള്ള കൽപ്പടവുകളിൽ കല്ലിടിഞ്ഞുവീഴുന്നു
1425672
Tuesday, May 28, 2024 11:38 PM IST
കുണ്ടറ: കഴിഞ്ഞ ദിവസം ഉണ്ടായ പേമാരിയിലും വൻ കാറ്റിലും കിഴക്കേ കല്ലട പഞ്ചായത്തിലെ പരിച്ചേരി വാർഡിൽ കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയത്തിന് സമീപം ക്ണാവിൽ കായൽവാരത്തെക്കിറങ്ങുന്ന കൽപ്പടവിൽ വൻ കല്ലുകൾ ഇളകി വീഴുന്നതു കാരണം അതുവഴിയുള്ള യാത്രക്ക് ഭീഷണിയായി.
മുകളിൽനിന്നുള്ള മണ്ണിടിഞ്ഞ് വീണ് യാത്രാ തടസംസൃഷ്ടിച്ചിട്ടുണ്ട്. ഇതിന് സമീപം അപകടകരമായ ഒരു വന്മരം ഏതുനിമിഷവും വീഴുന്ന തരത്തിലാണ്. ഈ മരംഎത്രയും വേഗം മുറിച്ചുമാറ്റിയില്ലെങ്കിൽ ജീവഹാനി ഉൾപ്പെടെയുള്ള വൻ ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്.
ഇരുപതിൽ അധികംകുടുംബങ്ങളും മറ്റ് ആവശ്യങ്ങൾക്കായി എത്തുന്ന നിരവധി യാത്രക്കാരും ഇതുവഴിയാണ് കടന്നു പോകുന്നത് .
തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തണമെങ്കിലും ഈ വഴിയെയാണ്ആശ്രയിക്കേണ്ടി വരുന്നത്.
വിദ്യാലയങ്ങൾ തുറക്കുമ്പോൾ ഇതുവഴിയാണ് കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകേണ്ടി വരിക. മഴക്കെടുതിയിൽ ജീവൻ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി അപകടകരമായി നിൽക്കുന്ന ഈ വലിയമരം മുറിച്ചുമാറ്റി കായലോര നിവാസികളുടെ ഏക യാത്ര മാർഗമായ കൽപ്പടവ് വഴികൾ പുനർ നിർമിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ക്ണാവിൽലാലിന്റെ നേതൃത്വത്തിൽ നാട്ടുകാർ വില്ലേജ് ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.