തിരുവനന്തപുരത്തേയ്ക്ക് 33 ഇലക്ട്രിക് ബസുകൾ കൂടി
1415816
Thursday, April 11, 2024 10:57 PM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: തിരുവനന്തപുരം ജില്ലയിലേയ്ക്ക് 31 ഇലക്ട്രിക് ബസുകൾ കൂടി സർവീസിനെത്തുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അനുവദിച്ച ബസുകളിൽ 33 എണ്ണം ലഭിച്ചു. ഇതിൽ 31 ബസുകളാണ് സർവീസിന് വിവിധ യൂണിറ്റുകൾക്കായി അനുവദിച്ചത്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബസുകൾ വാങ്ങാൻ 500 കോടി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 500 കോടിയും തിരുവനന്തപുരം കോർപറേഷന്റെ വിഹിതമായ 150 കോടി രൂപയും ചേർത്താണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായി ആണ് 33 ബസുകൾ എത്തിയത്.
എത്തിയ ബസുകളിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള തിരുവനന്തപുരം സിറ്റി യൂണിറ്റിലേയ്ക്ക് നാലും പേരൂർക്കട, വികാസ് ഭവൻ യൂണിറ്റുകളിലേയ്ക്ക് മൂന്നുവീതവും വിഴിഞ്ഞം യൂണിറ്റിലേയ്ക്ക് അഞ്ചും കോർപറേഷന് പുറത്തുള്ള നെയ്യാറ്റിൻകര, കാട്ടാക്കട യൂണിറ്റുകൾക്ക് ആറു വീതവും ആറ്റിങ്ങൽ യൂണിറ്റിന് നാലും ബസുകൾ വീതം നൽകും. പുതുതായി എത്തിയ ഇലക്ട്രിക് ബസുകൾ കെ - സ്വിഫ്റ്റായിരിക്കും ഓപറേറ്റ് ചെയ്യുന്നത്.
നിലവിൽ തിരുവനന്തപുരത്ത് സിറ്റി സർക്കുലറായും സിറ്റി സർവീസുകളായും ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്. കെ-സ്വിഫ്റ്റിന് വേണ്ടി വാങ്ങിയ 50 ഇലക്ട്രിക് ബസുകളാണ് നിലവിലുണ്ടായിരുന്നത്.