ബംഗളുരുവിൽ ബൈക്കപകടത്തിൽ രണ്ട് കൊല്ലം സ്വദേശികൾ മരിച്ചു
1394319
Tuesday, February 20, 2024 10:09 PM IST
ചാത്തന്നൂർ: ബംഗളുരുവിലുണ്ടായ ബൈക്കപകടത്തിൽ കൊല്ലം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു. കല്ലുവാതുക്കൽ മേവനക്കോണം വൈഷ്ണവത്തിൽ പരേതനായ സുരേഷ് കുമാറിന്റെ മകൻ വിഷ്ണുകുമാർ (24), പൂയപ്പള്ളി മരുതമൺപള്ളി കോഴിക്കോട് കല്ലുവിള വീട്ടിൽ ആൽബി ജി. ജേക്കബ് (20) എന്നിവരാണ് മരിച്ചത്.
ബംഗളുരു കമ്മനഹള്ളിയിലെ പ്രധാന റോഡിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഇരുവരും പുറത്ത് പോയി ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇരുവരും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ബിബിഎ (ലോജിസ്റ്റിക്സ് )മൂന്നാം വർഷ വിദ്യാർഥികളായിരുന്നു.
വിഷ്ണു കുമാറിന്റെ അമ്മ ബീന. സഹോദരൻ ജിഷ്ണു. ആൽബിയുടെ അച്ഛൻ ജേക്കബ് ജോർജും അമ്മ ബിജി ജോർജും ഗൾഫിലാണ്. സഹോദരൻ അലൻ ജേക്കബ്.