പുനലൂർ നഗരസഭ കാര്യാലയത്തിൽ വിജിലൻസ് വിഭാഗം പരിശോ ധന നടത്തി
1376571
Thursday, December 7, 2023 11:52 PM IST
പുനലൂർ : നഗരസഭയിൽ കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് എട്ടു മാസക്കാലം രേഖപ്പെടുത്താതിരുന്നത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച പരാതിയെ തുടർന്ന് പുനലൂർ നഗരസഭ കാര്യാലയത്തിൽ നഗരകാര്യ വകുപ്പിന്റെ ആഭ്യന്തര
(ഇന്റേണൽ) വിജിലൻസ് വിഭാഗം പരിശോധന നടത്തി. പരാതി നൽകിയ യുഡിഎഫ് കൗൺസിലർമാരെ നേരിൽ കേൾക്കുന്നതിനായി ഹാജരാകണം എന്നാവശ്യപ്പെട്ടു കൊണ്ട് രേഖാമൂലം വിജിലൻസ് കത്തും നൽകി.
ഇന്നലെ രാവിലെ പത്തോടെ നഗരസഭ ഓഫീസിൽ എത്തിയ ആഭ്യന്തര വിജിലൻസ് ഓഫീസർ കൂടിയായ നഗരകാര്യ അസിസ്റ്റൻറ് ഡയറക്ടർ ജെ ആര് ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നഗരസഭ ഓഫീസിനുള്ളിൽ പരിശോധനയ്ക്കു എത്തിയത്.
യു ഡി എഫ് അംഗങ്ങള്‍ നല്കിയ പരാതിയിൽ പറഞ്ഞിട്ടുള്ള മുഴുവൻ ഫയലുകളും രേഖകളും സംഘം എടുത്ത് പരിശോധിച്ചു. രാവിലെ 10.15 ന് ആരംഭിച്ച പരിശോധന മണിക്കൂറുകളോളം തുടർന്നു.
യഥാസമയം രേഖപ്പെടുത്താത്ത മിനിറ്റ്സ് പിന്നീട് എഴുതി ചേർത്തപ്പോൾ ക്രമക്കേട് കാട്ടുന്നതിന് വേണ്ടി വ്യാജമായി ചേർത്തതായി പരാതിയിൽ പറഞ്ഞ 22 വിഷയങ്ങളെക്കുറിച്ചും വിജിലൻസ് സംഘം ഗൗരവമായി പരിശോധന നടത്തുകയും അന്വേഷണം നടത്തുന്നതിന് തീരുമാനിച്ചതായി യുഡിഎഫ് അംഗങ്ങൾക്ക് കത്ത് നൽകുകയും ചെയ്തു.
മാർച്ച് മാസം പകുതിക്ക് ശേഷം ചേർന്ന കൗൺസിൽ യോഗങ്ങളുടെ മിനിട്സ് നഗരസഭയിൽ രേഖപ്പെടുത്തിയില്ല എന്നും പല അവസരങ്ങളിലും മിനിട്സിന് വേണ്ടി നേരിട്ടും രേഖാമൂലവും ആവശ്യം ഉന്നയിച്ചിട്ടും നൽകാൻ കൂട്ടാക്കിയില്ല എന്നും കാട്ടി നവംബർ 10ന് ചേർന്ന കൗൺസിൽ യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ ഹാളിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും പ്രതിഷേധം സംഘർഷത്തിന് വഴിവയ്ക്കുകയും തുടർന്ന് യുഡിഎഫ് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. യുഡിഎഫ് അംഗങ്ങൾ മിനിട്സിന് വേണ്ടി അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുകയും ചെയ്തു.
മിനിട്സ് തയാറാക്കി ലഭ്യമാക്കിയതിനുശേഷം സമരം അവസാനിപ്പിച്ച പ്രതിപക്ഷ അംഗങ്ങൾ തദ്ദേശസ്വയംഭരണ സെക്രട്ടറി, നഗര കാര്യ ഡയറക്ടർ എന്നിവര്‍ക്ക് പരാതി നല്കി. ആ പരാതിയുടെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് തുടർ അന്വേഷണം നടത്തുമെന്നും പരാതി നല്കിയ അംഗങ്ങള്‍ നേരില്‍ ഹാജരായി മൊഴി നല്‍കാനുമുള്ള കത്ത് നഗരസഭാ സെക്രട്ടറി മുഖേന വിജിലന്‍സ് കൈമാറിയത്.
സാമ്പത്തിക തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടുകൂടി മാത്രം നഗരസഭാ കൗൺസിൽ യോഗങ്ങളുടെ മിനിട്സ് രേഖപ്പെടുത്താതിരിക്കുകയുംമിനിറ്റ്സിനുവേണ്ടി സത്യാഗ്രഹം ആരംഭിച്ച ശേഷം വ്യാജമായി ഒട്ടനവധി കാര്യങ്ങൾ കൂട്ടിച്ചേർത്ത് മിനിറ്റ് തയാറാക്കിയതായും യുഡിഎഫ് അംഗങ്ങൾ പരാതിയില്‍ പറയുന്നു.
നഗരസഭ സെക്രട്ടറി കൈകാര്യം ചെയ്യേണ്ട നഗരസഭ അക്കൗണ്ട് ഒരു കൗൺസിലറിന്റെ പേരിൽ കാനറാ ബാങ്കിൽ ആരംഭിച്ച് സെക്രട്ടറിയുടെ പേരിൽ വന്ന തുക മാറിയെടുത്തതായും, നഗരസഭാ കെട്ടിടം ഉള്ളപ്പോള്‍ അത് ഉപയോഗികാതെ ബന്ധുവിന്റെ കെട്ടിടം ആരോഗ്യ കേന്ദ്രത്തിന് വാടകയ്ക്ക് എടുത്തതായും അതിന് സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക വാടക നൽകാൻ വേണ്ടി മിനിറ്റിസില്‍ തിരിമറി നടത്തിയതായും സർക്കാർ ഉത്തരവുകളെ മറികടന്നുകൊണ്ട് ഒട്ടനവധി താൽക്കാലിക നിയമനങ്ങൾ നടത്തി പണം സമ്പാദിക്കുന്നതായും തെളിവുകള്‍ ഉണ്ടെന്നും ഇത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജി.ജയപ്രകാശ് അറിയിച്ചു .