കുട്ടികൾക്കായ് സ്കൂളിൽ നിറങ്ങളുടെ സർഗവേദിയൊരുക്കി ബിഎസ്എൻഎൽ
1339533
Sunday, October 1, 2023 1:08 AM IST
കൊല്ലം: പൊതുമേഖലാ ടെലികോം സേവനദാതാവായ ബിഎസ്എൻഎൽ വാർഷികാഘോഷത്തിന് മുന്നോടിയായി കുട്ടികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.
സ്മാർട്ട് ലേർണിംഗ് യൂസിംഗ് ബിഎസ്എൻഎൽ ഭാരത്ഫൈബർ ഇന്റർനെറ്റ് എന്ന വിഷയത്തിൽനടത്തിയ മത്സരം, കുട്ടികളുടെ പങ്കാളിത്തംകൊണ്ടും ക്രിയാത്മകത കൊണ്ടും ശ്രദ്ധേയമായി.
മുളങ്കാടകം സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിൽ അഞ്ച് മുതൽ 10 വയസുവരെയുള്ള 250ലധികം കുട്ടികൾ പങ്കെടുത്തു.
വിവരസാങ്കേതികവിദ്യ , ആശയവിനിമയം എന്നീ മേഖലകളിലെ അറിവും, അനുഭവവും, ഭാവനയും കുട്ടികൾ മനോഹരമായി പേപ്പറിൽ പ്രതിഫലിപ്പിച്ചു. സ്മാർട്ട് ലേർണിംഗിലും, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിലും കുട്ടികൾക്ക് പ്രചോദനമേകുക എന്ന കാഴ്ചപ്പാടോടെയാണ് പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചതെന്ന് ബിഎസ്എൻഎൽ കൊല്ലം ബിസിനസ് ഏരിയ ജനറൽ മാനേജർ ഹരി എം.എസ്. പറഞ്ഞു.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സാക്ഷ്യപത്രങ്ങളും, പെയിന്റിംഗ് കിറ്റും നൽകി. ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മത്സരങ്ങൾക്കും സമ്മാനദാന ചടങ്ങുകൾക്കും നേതൃത്വം നൽകി.