അഷ്ടമുടി കായലിലെ കണ്ടൽക്കാടുകൾ നാശത്തിലേക്ക്
1592907
Friday, September 19, 2025 6:34 AM IST
അജി വള്ളിക്കീഴ്
കൊല്ലം: നീർത്തടങ്ങളിലെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന കണ്ടൽക്കാടുകൾ കൊല്ലത്ത് സർവ നാശത്തിലേക്ക്. കണ്ടൽക്കാടുകളുടെ വിസ്തൃതി ജില്ലയിൽ ഓരോ വർഷം തോറും കുറയുകയാണ്. അഷ്ടമുടിക്കായലിലെ കണ്ടൽക്കാടുകൾ മറിമായമെന്നോണം ഇരുട്ടി വെളുക്കുമ്പോൾ അപ്രത്യക്ഷമാവുകയാണ്.
ജലത്തിലെ താപനില നിലനിർത്തി മത്സ്യ പ്രജനനത്തിനു കാരണമാകുന്നതിൽ കണ്ടൽക്കാടുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവർണനീയമായ സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഒരു ജൈവ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. ഓരു കലർന്ന പുഴയുടെയും കടലിന്റെയും ചതുപ്പുകളിൽ, ഏറ്റ - ഇറക്ക പ്രക്രിയയുടെ നിലയ്ക്കാത്ത ചലനങ്ങളിൽ ലയിച്ച് വേരുകൾ ഊന്നി വളരുന്ന കണ്ടൽ സാമ്രാജ്യം എന്നത് ജീവലോകത്തെ അത്ഭുതകരമായ ഒരു പ്രതിഭാസം തന്നെയാണ്.
ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷ താപനില ഉയരുമ്പോൾ വെള്ളം ചൂടാകുന്നതോടെ കണ്ടൽക്കാടുകളുടെ വളർച്ച മുരടിക്കുന്നു. കാലാവസ്ഥ വ്യതിയാനവും കൈയേറ്റങ്ങളും കണ്ടൽക്കാടുകളുടെ വളർച്ചയ്ക്കു വിലങ്ങുതടിയാവുന്നു. മണ്ണൊലിപ്പ് തടഞ്ഞ് തീര സംരക്ഷണം ഉറപ്പു വരുത്തുന്ന കണ്ടലുകളുടെ സംരക്ഷണത്തിനായി രാജ്യാന്തര തലത്തിൽ വൻകിട പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് കൊല്ലത്തെ കണ്ടൽ കാടുകൾ സർവ നാശത്തിലേക്ക് കൂപ്പു കുത്തുന്നത്.
കെഎസ്ആർടിസി, ആശ്രാമം മുതൽ അഷ്ടമുടിയിലെ പെരുമൺ വരെയുള്ള തീരങ്ങളിൽ നിന്ന് കണ്ടൽ കാടുകൾ ഇതിനകം തുടച്ചു നീക്കപ്പെട്ടു എന്ന് തന്നെ പറയണം. ഈ മേഖലയിൽ കണ്ടലുകളുടെ നാശത്തിനു കാരണമായത് ജലമലിനീകരണവും കടന്നു കയറ്റങ്ങളും ആണെന്നതാണ് എടുത്ത് പറയേണ്ടത്. നിലവിലുള്ള പഠന റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ 18 തരം കണ്ടൽചെടികൾ ഉള്ളതായാണ് ശാസ്ത്ര ലോകം പറയുന്നത്. ഇവയിൽ നക്ഷത്ര കണ്ടൽ, ചാരകണ്ടൽ, മഞ്ഞ കണ്ടൽ എന്നീ ഇനങ്ങൾ ലോകത്ത് തന്നെ അതി വിരളമാണ്. ഇത്തരത്തിൽ പെട്ട വൈവിധ്യമാർന്ന കണ്ടൽ ചെടികൾ കാണപ്പെടുന്നത് കൊല്ലം ജില്ലയിൽ ആണ്.
15 തരം കണ്ടൽ ഇനങ്ങളാണ് കൊല്ലത്തുള്ളത്. ഉപ്പ് ഊറ്റിക്കളയുന്നതുകൊണ്ട് ഉപ്പട്ടി എന്ന് പേരുള്ള കണ്ടലും തഴച്ചുവളരുന്ന പ്രാന്തൻ കണ്ടലും തീക്കണ്ടലുമെല്ലാം ജില്ലയിൽ യഥേഷ്ടം കണ്ടുവരുന്നു. വള്ളിക്കണ്ടൽ, പരുവക്കണ്ടൽ, പൂക്കണ്ടൽ, കുറ്റിക്കണ്ടൽ, ചെറുകണ്ടൽ, പേനക്കണ്ടൽ, സ്വർണക്കണ്ടൽ, മഞ്ഞക്കണ്ടൽ, ആപ്പിൾ കണ്ടൽ എന്നിങ്ങനെ വിവിധയിനം കണ്ടലുകൾ കൊല്ലത്ത് കണ്ടെത്തിയിട്ടുണ്ട്.
കണ്ടൽ കാടുകൾ കൊതുകിന്റെയും പാമ്പുകളുടെയും പ്രജനന കേന്ദ്രമെന്ന തെറ്റായ പൊതുജന കാഴ്ചപ്പാട് അതി പ്രധാനപ്പെട്ട ഈ ആവാസവ്യവസ്ഥയുടെ വ്യാപകമായ നശീകരണത്തിന് ഏറെക്കുറെ കാരണമായിട്ടുണ്ട്. അശാസ്ത്രീയമായ ഭൂവിനിയോഗം, വ്യാപക ഭൂമി കച്ചവടം, വികസന ടൂറിസം പദ്ധതികൾ എന്നിവയും കണ്ടൽ നശീകരണത്തിൽ തുല്യമായ സംഭാവന നൽകി എന്നും പറയണം.
തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയ സുനാമിയുടെ വരവിനുശേഷമാണ് കണ്ടലുകളുടെ പ്രാധാന്യം പൊതുസമൂഹം സത്യത്തിൽ തിരിച്ചറിയുന്നത്. അതിൽ പിന്നെയാണ് കണ്ടൽ കാടുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ വിവിധ സർവകലാശാലകളിലും മറ്റ് ഗവേഷണ സ്ഥാപനങ്ങളിലും നടക്കുന്നത്. തീരദേശങ്ങളിൽ വ്യാപകമായി കണ്ടൽ വനവത്കരണം ആവശ്യമാണെന്ന കണ്ടെത്തലുകളും അതിനായുള്ള തീരുമാനങ്ങളും ഉണ്ടായി.
അതേസമയം, കണ്ടൽ വനവത്കരണം കാര്യമായി ഗുണം ചെയ്യുകയോ, വിജയിക്കുകയോ ചെയ്തില്ല. കണ്ടൽ വനവൽക്കരണം വിജയകരം ആകണമെങ്കിൽ അത് ആ പ്രദേശത്തെ വെള്ളത്തിലെ ഉപ്പുരസം, മണ്ണിന്റെ അടിസ്ഥാന ഘടന, പോഷകങ്ങൾ എന്നിവയെക്കുറിച്ചു ശാസ്ത്രീയ പഠനങ്ങൾ നടത്തിയ ശേഷമായിരിക്കണം നടത്തേണ്ടത്. അത്തരം പഠനങ്ങളിലൂടെ മാത്രമേ ആ പ്രദേശത്തെ പാരിസ്ഥിതിക സാഹചര്യത്തിനനുസരിച്ച് വളരുവാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ കണ്ടൽ ഇനത്തെ കണ്ടെത്താനാവൂ.
തുടർന്നത് നട്ടു പരിപാലിക്കുമ്പോഴാണ് കണ്ടൽ വനവത്കരണം യാഥാർഥ്യമാകൂ. പരവൂർ കായലിൽ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. സ്വാഭാവിക കണ്ടലുകൾക്കു പുറമേ അതിവേഗം വളരുന്ന ചെടികളും നട്ടു വളർത്താൻ ശ്രമമുണ്ടായി. മൺറോതുരുത്ത് ഉൾപ്പെടെയുള്ള മേഖലയിലാണ് കൂടുതൽ സ്വാഭാവിക കണ്ടലുകൾ ഇന്നും വളരുന്നത്.
എന്നാൽ, അഷ്ടമുടിക്കായലിലെ കൈയേറ്റങ്ങൾ സ്വാഭാവിക കണ്ടലുകൾക്കും അതിന്റെ വളർച്ചക്കും മരണമണി മുഴക്കുകയാണ്. തീരത്തോട് ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങളാണ് കണ്ടൽ വളർച്ചയ്ക്കു അഷ്ടമുടിക്കായലിൽ തടസങ്ങൾ ഉണ്ടാക്കുന്നത്. ഭൂമി കൈയേറ്റം, ജല മലിനീകരണം തുടങ്ങിയവയാണ് കണ്ടൽക്കാടുകളുടെ ശത്രുക്കൾ. റാംസർ സൈറ്റിൽപെട്ട അഷ്ടമുടിക്കായലിന്റെ ഉൾഭാഗങ്ങളിലെ ദ്വീപുകളിൽ വൻ കൈയേറ്റം നടന്നിട്ടും അധികൃതർ അതെല്ലാം കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
ദ്വീപുകളിൽ അനധികൃത നിർമാണപ്രവർത്തനങ്ങൾ അരങ്ങു തകർത്തപ്പോഴും അപൂർവ ഇനത്തിൽപെട്ട കണ്ടൽക്കാടുകൾ അപ്പാടെ വെട്ടി നശിപ്പിക്കപെട്ടപ്പോഴും സർക്കാർ വകുപ്പുകൾ ഒരക്ഷരം മിണ്ടിയില്ല. അഷ്ടമുടിക്കായലിലെ കൈ യേറ്റത്തെക്കുറിച്ചു വ്യാപക പരാതി ഉയർന്ന ഇരുപത് വർഷങ്ങൾക്ക് മുൻപ് അന്നത്തെ ജില്ലാ കലക്ടർ ബി. ശ്രീനിവാസ് നേരിട്ടു നടത്തിയ അന്വേഷണത്തിൽ വിവിധ ഭാഗങ്ങളിലായി 107 ഏക്കർ ഭൂമിയുടെ കൈയേറ്റങ്ങളാണ് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്.
തുടർന്ന് നടന്ന അന്വേഷണങ്ങളിൽ കളക്ടറുടെ റിപ്പോർട്ടിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ വെള്ളം ചേർക്കുകയായിരുന്നു. അഷ്ടമുടിയിൽ വ്യാപകമായി നടന്ന കൈയേറ്റങ്ങൾ വിവാദമായതോടെയാണ് വെറ്റ് ലാൻഡ് അഥോറിറ്റി രൂപീകരണത്തിൽ വരെ എത്തിയ കോടതി ഇടപെടലുകൾ ഒടുവിൽ ഉണ്ടാവുന്നത്.