ഹൈവേ അഥോറിട്ടിക്കെതിരെ ജനരോഷം ഇരമ്പി; റിലേ സത്യഗ്രഹം ഇന്നുമുതൽ
1592641
Thursday, September 18, 2025 6:30 AM IST
ചാത്തന്നൂർ: തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വിഷയത്തിൽ ഹൈവേ അഥോറിട്ടിയ്ക്കെതിരെ ജനരോഷം ഇരമ്പി . സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ മനുഷ്യ ചങ്ങലയിൽ കണ്ണികളായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ചാത്തന്നൂർ, നെടുങ്ങോലം , പരവൂർ മേഖലകളിൽ വ്യാപാരി വ്യവസായി സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികൾ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി.
വൈകുന്നേരം അഞ്ചിന് തിരുമുക്ക് മുതൽ ചാത്തന്നൂർ വരെയാണ് മനുഷ്യചങ്ങല തീർത്തത്.പരവൂർ മുനിസിപ്പൽ മുൻ ചെയർമാൻ കെ.പി.കുറുപ്പ് ആദ്യ കണ്ണിയായി. നാടിന്റെ പൊതുവായ ആവശ്യം നേടിയെടുക്കുന്നതിനായി ജനപ്രതിനിധികൾ ,രാഷ്ട്രീയ സാമൂഹ്യ -സാംസ്ക്കാരിക സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ പ്രവർത്തകർ, യുവജന വിദ്യാർഥി, മഹിളാ സംഘടനകൾ, പൊതുജനങ്ങൾ, തുടങ്ങിയവരെല്ലാം ചങ്ങലയിൽ കണ്ണികളായി.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും സർവകക്ഷി യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
പരവൂർ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് അഡ്വ.സത്ജിത് ആമുഖ പ്രഭാഷണം നടത്തി. പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി.തുളസീധരക്കുറുപ്പ് ,കെ.സേതുമാധവൻ,
സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.ആർ.ദിലീപ് കുമാർ, കെപിസിസി മെമ്പർ നെടുങ്ങോലം രഘു ,സി പിഎം ചാത്തന്നൂർ ഏരിയാ സെക്രട്ടറി പി.വി.സത്യൻ, ബിജെപി നേതാവ് സന്തോഷ് ,കോൺഗ്രസ്മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ,
സിപിഎം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ദിജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്ശശിധരൻ , പരവൂർ കൂട്ടായ്മയുടെ സന്തോഷ് പാറയിൽ കാവ്, പരവൂർ യുവജന കൂട്ടായ്മയ്ക്ക് വേണ്ടി ഷൈൻ എസ് .കുറുപ്പ്, സുധീർ ചെല്ലപ്പൻ, എൻ സദാനന്ദൻ പിള്ള, എൻ.രവീന്ദ്രൻ, വി.സണ്ണി ,പി.കെ.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
പരവൂർ ഉണ്ണി കവിതാലാപനം നടത്തി. തിരുമുക്ക് അടിപ്പാത സമരസമിതി കൺവീനർ കെ.കെ.നിസാർ സ്വാഗതവും. ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ് നന്ദിയും പറഞ്ഞു.
തിരുമുക്കിൽ ആരംഭിക്കുന്ന റിലേ സത്യഗ്രഹ ആദ്യ ദിവസമായ ഇന്ന് സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാറും തുടർന്ന് സതീഷ് വാവറ, ഷിബിനാഥ് , ഷൈൻ എസ്.കുറുപ്പ് തുടങ്ങിയവരും സത്യഗ്രഹികളാകും.
രാവിലെ 10 ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ റിലേ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യും.