അയത്തിൽ ജംഗ്ഷനിലുള്ളവരെ ‘വികസനം’ ചുറ്റിക്കറക്കുന്നു
1592241
Wednesday, September 17, 2025 6:18 AM IST
കൊട്ടിയം: അയത്തിൽ ജംഗ്ഷനിലുള്ളവർക്ക് മറുവശത്ത് പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം.അയത്തിൽ ജംഗ്ഷനിൽ നിർമാണം പൂർത്തിയായ മേൽപ്പാലത്തി െ ന്റ ഇരുവശങ്ങളിലും അടിപ്പാതകൾ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വീണ്ടും ശക്തമായി.
അയത്തിൽ ഫാക്ടറിക്ക് വടക്കോട്ടുള്ള വർക്ക് പള്ളിമുക്കിൽ പോകണമെങ്കിൽ ഏറെ അകലെയുള്ള പാൽക്കുളങ്ങര പോയി ചുറ്റിക്കറങ്ങി വീണ്ടും അയത്തിൽ ജംഗ്ഷന് തെക്കുവശമെത്തി പോകേണ്ട സ്ഥിതിയാണുള്ളത്. ജംഗ്ഷന് വടക്കുവശം ഉള്ളവർക്ക് കണ്ണനെല്ലൂർ റോഡിലേക്ക് പോകണമെങ്കിലും പാൽക്കുളങ്ങരയിൽ പോയി ചുറ്റിവരേണ്ട സ്ഥിതിയാണുള്ളത്.
അയത്തിൽ ജംഗ്ഷനിൽ തൂണുകളിൽ ഉള്ള കൂടുതൽ അണ്ടർ പാസേജുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി ഹൈക്കോടതിയെ സമീപിക്കുകയും സമിതിയുടെ നിവേദനത്തിൽ ഹൈവേ അഥോറിറ്റി നടപടി സ്വീകരിക്കുവാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവിന് ഹൈവേ അഥോറിറ്റി യാതൊരു വിലയും കൽപ്പിച്ചിട്ടില്ല.
ഉയരപ്പാതയുടെ നിർമാണം അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് പള്ളിമുക്കിലേക്കും കണ്ണനല്ലൂരിലേക്കും പോകണമെങ്കിൽ ചുറ്റിക്കറങ്ങേണ്ട സ്ഥിതി ഉണ്ടായിരിക്കുന്നത്.വിഷയത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് നാട്ടുകാർ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ അടിപ്പാതയുടെ ഒരുവശം പോലീസ് അടച്ചത് അയത്തിൽ ജംഗ്ഷനിൽ വീണ്ടും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് കളക്ടറുടെ നിർദേശപ്രകാരം ഗതാഗതത്തിനായി തുറന്ന അടിപ്പാതയുടെ ഒരു ഭാഗമാണ് പോലീസ് അടച്ചത്.
അടിപ്പാതയുടെ ഒരു ഭാഗം അടച്ചതോടെ കണ്ണനല്ലൂർ ഭാഗത്ത് നിന്നും വരുന്ന സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അയത്തിൽ പെട്രോൾ പമ്പിന് അടുത്ത് പോയി തിരിഞ്ഞ് വരേണ്ട സ്ഥിതിയാണുള്ളത്. അയത്തിൽ ജംഗ്ഷനിലുള്ള രണ്ട് സർവീസ് റോഡുകളും ഇടുങ്ങിയതായതിനാലും സർവീസ് റോഡുകളിൽ വാഹനപ്പെരുപ്പം വർധിച്ചതും ജംഗ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളും കെഎസ്ആർടിസി വേണാട് ബസുകളും പാലത്തിനടിയിലൂടെ കടന്നു കൊല്ലം ഭാഗത്തേക്ക് പോകുവാൻ അനുവദിക്കാത്തതിനാൽ സ്വകാര്യബസുകളുടെ ട്രിപ്പുകൾ മുടക്കുന്നുണ്ട്.
ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെപല ബസുകളും പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുവാൻ നിർബന്ധമായിരിക്കുകയാണ്. ദീർഘദൂര സർവീസുകൾ ഒരു കിലോമീറ്റർ സർവീസ് നടത്തുന്നതിന് രണ്ടര മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒരു മിനിറ്റ്, രണ്ടു മിനിറ്റ്, മൂന്നു മിനിറ്റ് ഗ്യാപ്പുകളിലാണ് കൊല്ലം കണ്ണനല്ലൂർ റൂട്ടിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്.ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെ കൊല്ലം കണ്ണനല്ലൂർ സ്വകാര്യ ബസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടായ്മ കൺവീനർ ഹാഷിം, പൊതുപ്രവർത്തകനായ അയത്തിൽ നിസാം എന്നിവർ ചേർന്ന് കഴിഞ്ഞദിവസം ജില്ലാ കളക്ടറെ നേരിൽ കണ്ട് ജംഗ്ഷനിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.
ജംഗ്ഷനിൽ അടിയന്തരമായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനും കൂടുതൽ പോലീസിനെ നിയമിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടുകയും ചെയ്തു.
ഒരു വാഹനത്തിന് തന്നെ കഷ്ടിച്ചു പോകാവുന്ന നിലയിലാണ് ജംഗ്ഷനിൽ സർവീസ് റോഡ് നിർമിച്ചിരിക്കുന്നത്. സർവീസ് റോഡ് അരികിൽ നിർമിച്ചിട്ടുള്ള ഓടയ്ക്കു മുകളിലൂടെയാണ് പല വാഹനങ്ങളും കടന്നുപോകുന്നത്.പാലത്തിന്റെ അടിയിൽ പകുതി ഭാഗം അടച്ചു വച്ച നടപടി പുന:പരിശോധിക്കണമെന്നും ജംഗ്ഷനിൽ ഇരുവശങ്ങളിലും അടിപ്പാതകൾ നിർമിക്കണമെന്ന ആവശ്യവുമാണ് ഉയരുന്നത്.