പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ സർക്കാർ സഹകരിക്കുന്നില്ല: അമൃതാനന്ദമയി മഠം
1592916
Friday, September 19, 2025 6:34 AM IST
കൊല്ലം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം അമൃതാനന്ദമയി മഠം പ്രഖ്യാപിച്ച പ്രകൃതി ദുരന്തമുന്നറിയിപ്പ് സംവിധാനം ഒരുക്കുന്ന കാര്യത്തിൽ സർക്കാർ സഹകരിക്കുന്നില്ലന്നു മഠം അധികൃതർ പറഞ്ഞു. 15 കോടി ചെലവഴിച്ചു വയനാട്ടിലെ 14 ഇടങ്ങളിൽ സംവിധാനം ഒരുക്കാനായി പഠനം നടത്തി പദ്ധതി സർക്കാരിൽ സമർപ്പിച്ചെങ്കിലും സർക്കാർ അനാവശ്യമായ നിബന്ധനകൾ വച്ച് തടസങ്ങളുന്നയിക്കുകയാണന്ന് അമൃത വിശ്വവിദ്യാപീഠം അധ്യക്ഷ ഡോ.മനീഷ വി.രമേശ് പറഞ്ഞു.
അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷം വിശദമാക്കാൻ ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. അമൃതാനന്ദമയിയുടെ 71-ാം ജന്മദിന ഭാഗമായാണ് വയനാട്ടിൽ ദുരന്തമുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിനുള്ള ഫണ്ടിംങ് ഏജൻസിയെ കണ്ടെത്തുകയും പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയും ചെയ്തശേഷമാണ് സർക്കാരിന്റെ അനുമതിതേടിയത്.
എന്നാൽ ഡേറ്റ ഷെയർ ചെയ്യുന്ന കാര്യത്തിലാണ് സർക്കാർ തടസമുന്നയിക്കുന്നത്. ഇക്കാര്യത്തിൽ ഫണ്ടിംഗ് ഏജൻസിയുടെ താത്പര്യം കൂടി പരിഗണിക്കാതെ കരാറിൽ ഒപ്പിടാനാവില്ല. അതാണ് നിയമവും. ഇപ്പോൾ ഇത്തരത്തിലെ മുന്നറിയിപ്പ് സംവിധാനം അമൃതയുടെ കീഴിൽ ഒരുക്കിയിട്ടുള്ള മൂന്നാറിലും ആസാമിലുമൊക്കെ ചെയ്യുന്നതുപോലെ മാത്രമേ വയനാടിന്റെ കാര്യത്തിലും സാധ്യമാവുകയുള്ളു.
മൂന്നാറിൽ പലതവണ മുന്നറിയിപ്പ് നൽകി ജീവാപായം ഒഴിവാക്കാൻ കഴിഞ്ഞു. വയനാടിന്റെ കാര്യത്തിൽ മൂന്നു തവണ സർക്കാരിന് കത്തു നൽകിയിട്ടും ഒരേ മറുപടിയാണ് ലഭിച്ചതെന്നും മനീഷ വ്യക്തമാക്കി. അമൃതാനന്ദമഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.