അതുല്യയുടെ മരണം: ക്രൈംബ്രാഞ്ചിന്റെ അപേക്ഷ 23ന് പരിഗണിക്കും
1592257
Wednesday, September 17, 2025 6:29 AM IST
കൊല്ലം: ഷാര്‍ജയില്‍ മരിച്ച ചവറ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ കേസിൽ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷയില്‍ കേസ് പരിഗണിക്കുന്നത് 23ലേക്കു മാറ്റി.
അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളുടേയും സതീഷ് ഉപദ്രവിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളുടേയും ഫോറന്‍സിക് പരിശോധനാഫലം വൈകിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.വി രാജു വാദം മാറ്റിവച്ചത്. 23ന് കേസ് പരിഗണിക്കുമ്പോൾ കേസ് ഡയറി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതുല്യ ഭർത്താവിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ പരാതിയിൽ ആദ്യം ലോക്കൽ പോലീസ് ആണ് അന്വേഷണം തുടങ്ങിയത്.
പിന്നീട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മുൻകൂർ ജാമ്യം നേടിയ സതീഷിനെ ഷാർജയിൽ നിന്ന് എത്തിയപ്പോൾ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.