ബാർ ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സഹപ്രവർത്തകൻ അറസ്റ്റിൽ
1592252
Wednesday, September 17, 2025 6:29 AM IST
കൊല്ലം: മുൻ വൈരാഗ്യത്തെ തുടർന്നു ബാർ ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം ആശ്രാമം പുളിമൂട്ടിൽ ഹൗസിൽ അനീഷ് എന്ന് വിളിക്കുന്ന നിതിനെ (37) യാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കോരുത്തോട് കല്ലൂരത്ത് വീട്ടിൽ സാബു എന്നു വിളിക്കുന്ന കെ.വി. മാത്യുവിനാണ് (50) മർദനമേറ്റത്.
ഇരുവരും കളക്ടറേറ്റിനു സമീപത്തെ ബാറിലെ ജീവനക്കാരാണ്. ഈ മാസം ആറിന് രാത്രി 11.30 ന് ബാറിൽ വച്ചായിരുന്നു ആക്രമം. പ്രതി മാത്യുവിനെ ക്രൂരമായി മർച്ചിച്ച ശേഷം തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. പുറമേ പരിക്കുകൾ ഒന്നും ഇല്ലാതിരുന്ന മാത്യുവിനെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് 12ന് ഉച്ചകഴിഞ്ഞ് ബാറിലെ ജീവനക്കാർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ തലയിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതായി ബോധ്യപ്പെട്ടു. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇക്കാര്യം 12 നാണ് ബാറിലെ ജീവനക്കാർ മാത്യുവിന്റെ വീട്ടുകാരെ അറിയിച്ചത്. പിന്നീട് മാത്യുവിന്റെ ജ്യേഷ്ഠ സഹോദരൻ സിജോ എത്തിയാണ് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മാത്യു ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ ചികിത്സയിലാണ്. ആശുപത്രിയിൽ വച്ച് തെന്നി വീണ് പരിക്കേറ്റു എന്നാണ് ബാർ ജീവനക്കാർ ആദ്യം ഇയാളുടെ ബന്ധുക്കളെ അറിയിച്ചത്.
മാത്യുവിന്റെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തിന്റെ ഒരു ഭാഗത്തിന് ചലനശേഷിയില്ലാത്ത അവസ്ഥയാണ്.വെസ്റ്റ് സിഐ ആർ. ഫയാസ്, എസ്ഐ അൻസർ ഖാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീപുദാസ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.