യുവജന കമ്മീഷന് ജില്ലാതല അദാലത്ത്; 22 പരാതികള്‍ തീര്‍പ്പാക്കി
1592911
Friday, September 19, 2025 6:34 AM IST
കൊല്ലം: യുവജനങ്ങള്നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സൗജന്യനിയമസഹായത്തിനായി 18001235310 ടോള്‍ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ടെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.ഷാജര്‍. വിദേശ തൊഴില്‍ തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രതവേണം.
യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും ലഹരിക്കെതിരായി നടക്കുന്ന ക്യാമ്പയിനുകളില്‍ പരമാവധി പങ്കാളിത്തം അനിവാര്യമെന്നും പറഞ്ഞു.22 പരാതികള്‍ പരിഹരിച്ചു. 42 പരാതികളാണ് പരിഗണിച്ചത്. 20 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി ആറ് പരാതികള്‍ സ്വീകരിച്ചു.
സ്വകാര്യ കോളജിലെ താത്കാലിക അധ്യാപികയുടെ വേതനം അനുവദിക്കല്‍, നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസം, കരിത്തുറയിലെ മൈതാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച് യുവജന ക്ലബുകള്‍ നല്കിയ പരാതി, സാമ്പത്തിക തട്ടിപ്പ്, ജില്ലയിലെ സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്ന് കോഴ്സ് ഫീസ് തിരികെ ലഭിക്കാത്തത്,
സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കല്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, തൊഴില്‍-വിസ തട്ടിപ്പ്, മോട്ടര്‍ വാഹന വകുപ്പിലെ അധിക തസ്തിക സൃഷ്ടിക്കുന്നത് തുടങ്ങിയവുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചത്.
കമ്മീഷന് അംഗം എച്ച്. ശ്രീജിത്ത്, സെക്രട്ടറി ദീപാ സുരേന്ദ്രന്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.