പച്ചപ്പിൽ നിറഞ്ഞ് ജോമോന്റെ വീട്
1592242
Wednesday, September 17, 2025 6:18 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: പൂക്കളും വര്‍ണാഭമായ ഇലകളും വ്യത്യസ്തമാര്‍ന്ന ചെടികളും നിറഞ്ഞ പൂന്തോട്ടം ആരുടെയും സ്വപ്നമാണ്. വീട്ടുമുറ്റത്ത് അഴകാര്‍ന്ന ഉദ്യാനം തീര്‍ത്തതുകൊണ്ടു തില്ലേരിനഗർ സ്വദേശി ജോമോൻ ജാക്കി വിസ്മയം സൃഷ്ടിക്കുകയാണ്.
പച്ചപ്പിൽ കുളിച്ചുനിൽക്കുന്ന പൂന്തോട്ടത്തിനും പ്രത്യേതകൾ ഏറെയാണ്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ സമയം പൂക്കുന്ന കാറ്റ്സ് ക്ലോ ക്രീപ്പർ മേൽക്കൂര വരെ മൂടി കിടക്കുകയാണ്. ഇതിന്റെ ഇടതൂര്‍ന്ന കരിംപച്ച ഇലകളുടെ സമൃദ്ധിയാണ് ഈ പൂന്തോട്ടത്തിന്റെ ഐശ്വര്യം. നഗരത്തിനുള്ളിലായതിനാൽ ചെറിയ സ്ഥലത്താണ് ജോമോന്റെ വീട്.
സ്കൂട്ടർ മാത്രം കടന്നുവരുന്ന വഴി അവസാനിക്കുന്നിടത്തുള്ള വള്ളിച്ചെടികൾ കൊണ്ട് അലങ്കരിച്ച ഗേറ്റ് തന്നെ അകത്തെ കാഴ്ചകളുടെ ഏകദേശരൂപം പറഞ്ഞുതരും. അകത്തേക്കു കയറുന്പോൾ മനസു നിറയും കണ്ണുകൾക്കു വിസ്മയമാകും. ആരെയും ആകർഷിക്കുന്ന ഹരിതഭംഗി നിറഞ്ഞ പൂന്തോട്ടം.
കൺസ്ട്രേഷൻരംഗത്തുള്ള ജോമോൻ പ്രധാനമായും ഇന്റിരീയൽ ഡെക്കറേഷനിൽ വിദഗ്ധനാണ്. വീടിന്റെ സ്വീകരണമുറി തന്നെ സ്റ്റുഡിയോയ്ക്കു തുല്യമാക്കിയിരിക്കുന്നു. ഇന്റിരിയൽ മാത്രമല്ല ഔട്ട് ഡോറിലും പ്രകൃതിയുമായി ഇണങ്ങിയ ചെടികളുടെ നിറസാന്നിധ്യമാണ് ദർശിക്കാനുള്ളത്.
അക്വേറിയങ്ങൾകൊണ്ടു മനോഹരമായി അലങ്കരിച്ചിരിക്കുന്ന സ്വീകരണമുറിയൊന്ന് എടുത്തു പറയേണ്ടതാണ്. മീൻകുളങ്ങളും മുറ്റത്തിന്റെ സൗന്ദര്യംകൂട്ടുന്നു. കാറ്റ്സ് ക്ലോ ക്രീപ്പറും പോത്തോസിന്റെ വിവിധയിനങ്ങളും ഫിലോഡെൻഡ്രോണിന്റെ ചിലയിനങ്ങളുമാണ് മുറ്റത്തേക്കു കയറിയാൽ പ്രധാനമായി കാണുക.
കാറ്റ്സ ക്ലോ ക്രീപ്പർ പൂവീട്ടിട്ടില്ല. പൂവിട്ടാൽ മഞ്ഞയിൽ കുളിച്ചുനിൽക്കുന്ന ഭൂമിയാണ്. നിലവിൽ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം. കണ്ണീനു കുളിർമ പകരുന്ന ദൃശ്യം. പച്ചനിറത്തിന്റെ വിവിധ ഷേഡുകളും വെള്ളയും തമ്മിലുള്ള കോംബിനേഷൻ എത്ര ഭംഗിയാണ് മഞ്ഞ കലർന്ന പച്ചയോടു കൂടിയ ഗോൾഡൻ പോത്തോസ്, വെള്ളയും പച്ചയും ഇടകലർന്ന മാർബിൾ ക്യൂൻ പോത്തോസ്, വെള്ളയും പച്ചയും കലർന്ന മറ്റൊരിനമായ എൻജോയ് പോത്തോസ്, മഞ്ജുള പോത്തോസ്, ഇളം മഞ്ഞയുടെ സൗന്ദര്യവുമായി നിയോൺ പോത്തോസ്... മണിപ്ലാന്റിന്റെ ഇലകളുടെ സൗന്ദര്യം പറഞ്ഞറിയാക്കാൻ പ്രയാസമാണ്.
ഒരു വാട്ടർ ബോഡി പണിത് അതിൽ ആമസോൺ സ്വേഡ് പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ ചെടികൾ വച്ച് ഭംഗിയാക്കി.കോൺക്രീറ്റ് കൊണ്ട് ഒരു മരം ചെയ്ത് അതിന്റെ വേരുകൾക്കിടയിൽ വെള്ളം കെട്ടിനിൽക്കുന്നതുപോലെയാണ് അലങ്കാരക്കുളം സൃഷ്ടിച്ചത്. ദ്രവിച്ച തടി എവിടെക്കണ്ടാലും വിട്ടുകളയാറില്ല. തടി മാത്രമല്ല, ഉപയോഗശൂന്യമായ എന്തിലും ചെടിവയ്ക്കുന്ന സ്വഭാവം ജോമോനുണ്ട്.
ചെറുപ്പം മുതലേ ചെടികളോട് ഭ്രമമാണ് ജോമോന്. കൂടാതെ കിളികൾ, പേർഷ്യൻ പൂച്ച, വിവിധയിനം നായ്ക്കൾ എന്നീ വളർത്തു മൃഗങ്ങളുടെ പരിപാലനവും ജോമോന്റെ പ്രിയപ്പെട്ട ഹോബിയാണ്. ഭാര്യ ജോമോളും മക്കളായ ജോമിതാ, ജ്യൂവാൻ, ഡിലൻ എന്നിവരും ജോമോന്റെ കൂടെ ചെടിപരിചരണത്തിനു കൂടെയുണ്ട്.
കിളികളെയും വളർത്തുമൃഗങ്ങളെയും വാങ്ങാൻ വരുന്നവർ ചെടിയുടെ അഴകിൽ ആകൃഷ്ടരായി വാങ്ങിപ്പോകുന്നു. വിവാഹം, മാമോദീസ തുടങ്ങിയ വിശേഷദിവസങ്ങളിൽ വീട് അലങ്കരിക്കാൻ ചെടികൾ സെറ്റ് ചെയ്തു കൊടുക്കാറുമുണ്ട്. ഉണങ്ങിയതോ മഞ്ഞനിറമായതോ പുഴുക്കുത്തുള്ളതോ ആയ ഒരൊറ്റ ഇല പോലും ഇവിടെ കാണില്ല.
ചെടികളെല്ലാം എപ്പോഴും ഉഷാറോടെ ഇരിക്കും. അഴകുള്ള തോട്ടത്തിന് കൃത്യമായ പരിപാലനം എന്നതു മാത്രമാണ് ജോമോന്റെ വിജയമന്ത്രം. ചെടികൾക്കൊപ്പം പഴവർഗച്ചെടികളായ അബിയു,വിവിധ തരത്തിലുള്ള മാവുകൾ, തയ്യലാൻഡ് ചാന്പകൾ എന്നിവയും ഈ ഭൂമിയിൽ തലയുയർത്തി നിൽക്കുന്നു.