ഗതാഗതക്കുരുക്കും പ്രശ്നങ്ങളും നേരിട്ടെത്തി വിലയിരുത്തി കളക്ടർ
1592914
Friday, September 19, 2025 6:34 AM IST
കൊട്ടിയം:അയത്തിൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്കും നിലവിലെ പ്രശ്നങ്ങളും നേരിൽ കണ്ട് മനസിലാക്കുന്നതിനായി ജില്ലാ കളക്ടർ എത്തി.കഴിഞ്ഞദിവസം വൈകുന്നേരമാണ് ജില്ലാ കളക്ടർ എൻ.ദേവിദാസ് സംസ്ഥാന ഹൈവേയിലെ അയത്തിൽ ജംഗ്ഷനിൽ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം സന്ദർശനം നടത്തിയത്.ദേശീയപാത സ്ഥലമെടുപ്പ് ഭാഗം ഡപ്യൂട്ടി കളക്ടർ,സ്ഥലമെടുപ്പ് വിഭാഗം തഹസീൽദാർ ,നാഷണൽ ഹൈവേ പ്രൊജക്റ്റ് ഡയറക്ടർ,കരാർ കമ്പനി അധികൃതർ എന്നിവരോടൊപ്പമാണ് കളക്ടർ സ്ഥലം സന്ദർശിക്കാൻ എത്തിയത്.
കളക്ടർ സ്ഥലത്ത് എത്തുന്നതറിഞ്ഞ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ കളക്ടർക്ക് മുന്നിൽ പരാതികളുടെ കെട്ടഴിച്ചു. എല്ലാവരുടെയും പരാതി കേട്ട കളക്ടർ രണ്ടു സർവീസസ് റോഡുകളിലുമുള്ളനിലവിലെ സ്ഥിതി മനസിലാക്കി.ജംഗ്ഷന്റെ തെക്കും വടക്കുമായി രണ്ട് അണ്ടർ പാസേജുകൾ വേണമെന്നതായിരുന്നു ജനകീയ സമിതിയുടെ പ്രധാന ആവശ്യം.ഗതാഗതക്കുരുക്ക് മൂലം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയുന്നില്ലെന്ന ആവശ്യവുമായികൊല്ലം - കണ്ണനല്ലൂർ ബസ് കൂട്ടായ്മയുടെ ഭാരവാഹികളും എത്തിയിരുന്നു.
അയത്തിൽ ജംഗ്ഷനിലെ പ്രശ്നങ്ങൾ നേരിട്ടറിയാൻ എത്തിയ ജില്ലാ കളക്ടർ എൻ. ദേവിദാസ് നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ദേവപ്രസാദ് സാഹുവുമായി കാര്യങ്ങൾ ചർച്ച ചെയ്തു.
അയത്തിൽ ജംഗ്ഷനിൽ നിന്നും പള്ളിമുക്കിലേക്ക് പോകണമെങ്കിൽ നിലവിൽ കിലോമീറ്ററുകൾചുറ്റേണ്ട സ്ഥിതിയാണുള്ളത് എന്ന് ജനകീയ സമിതി ഭാരവാഹികൾ കളക്ടർക്ക് കാട്ടിക്കൊടുത്തു. അയത്തിൽ ജംഗ്ഷന് വടക്കുവശം ഉള്ളവർക്ക് റോഡിന്റെ കിഴക്ക് കണ്ണനല്ലൂർ ഭാഗത്തേക്ക് പോകണമെങ്കിലും പാൽക്കുളങ്ങര പോയി ചുറ്റിവരേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇതെല്ലാം നേരിൽ കണ്ട് മനസിലാക്കിയ കളക്ടർപ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കൊല്ലം ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങൾ രണ്ടാം നമ്പർ പുന്തലത്താഴം എന്നിവിടങ്ങളിൽ നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡിൽ കയറി പോകണമെന്നായിരുന്നു സ്വകാര്യ ബസ് കൂട്ടായ്മയിലെ ഹാഷിം ആവശ്യപ്പെട്ടത്.
ഇതിന് പരിഹാരം ഉണ്ടാക്കാമെന്ന് തഹസിൽദാർ ഉറപ്പ് നൽകി.ജംഗ്ഷനിൽ നിലവിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ചും പരിഹാരമാർഗങ്ങൾ സംബന്ധിച്ചും പുതിയ പരാതി നൽകുവാൻ ജനകീയ സമിതിയോട് ഉദ്യോഗസ്ഥർ നിർദേശിച്ചു.
പാലത്തിനടിയിലൂടെ ബസുകൾ കടത്തിവിടുന്ന കാര്യം പരിഗണിക്കാമെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥ അറിയിച്ചു. റോഡ് ടാർ ചെയ്യുന്ന മുറയ്ക്ക് അതിനുള്ള നടപടി ഉണ്ടാകും. കഴിഞ്ഞ രണ്ടു ദിവസം മുമ്പ് പൊതുപ്രവർത്തകനായ അയത്തിൽ നിസാം,സ്വകാര്യ ബസ് കൂട്ടായ്മ പ്രതിനിധി ഹാഷിം എന്നിവർ കളക്ടറെ നേരിൽകണ്ട് നിവേദനം നൽകിയിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ വ്യാഴാഴ്ച അയത്തിൽ ജംഗ്ഷനിൽ സന്ദർശനം നടത്തിയത്.
നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ദേവപ്രസാദ് സാഹു ,എൻഎച്ച് സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ്,തഹസിൽദാർ ലിജി ജോർജ്, ഡപ്യൂട്ടി തഹസിൽദാ ർ ഹരീഷ്എന്നിവരിൽ നിന്നും ജില്ലാ കളക്ടർ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങി യത്.