വികാസിന്റെ മനം നിറയ്ക്കും കൃഷിത്തോട്ടം
1592915
Friday, September 19, 2025 6:34 AM IST
ജിജുമോൻ മത്തായി
കുണ്ടറ: അമ്പലത്തുംകാല ഈലിയോട് ചിറയിൽ വികാസ് സുകുമാരന്റെ ജീവിതത്തിൽ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും മണ്ണിന്റെയും മണമുണ്ട്. മണ്ണിൽ പൊന്നുവിളയിച്ചു പച്ചപ്പ് ജീവിതത്തിലും പ്രകൃതിയിലും നിറയ്ക്കുകയാണ് വികാസ്. 20 വർഷത്തെ പ്രവാസജീവിതത്തിനോടു വിട പറഞ്ഞെത്തിയ വികാസിനെ മണ്ണ് ചതിച്ചില്ല.
2016 മുതൽ തനി കൃഷിക്കാരനായി രാപകൽ അധ്വാനിക്കുന്ന യുവാവിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൃഷിയിടത്തിൽ തിങ്ങിനിറഞ്ഞുനിൽക്കുന്ന പയറും പപ്പായയും മറ്റു കൃഷികളും കാണുന്പോൾ വികാസിന്റെ മനം നിറയും.
വിഷരഹിത പച്ചക്കറി ചെയ്യണമെന്നാഗ്രഹത്തോടെയാണ് കൃഷിയിടത്തിലേക്ക് യുവ കർഷകൻ ഇറങ്ങിയത്. അതു പാഴായിപോയില്ലെന്നു ജീവിതവിജയത്തിലൂടെ തെളിയിക്കുന്നു.
ആർക്കും അസൂയയുളവാക്കുന്ന രീതിയിൽ കൃഷിഭൂമിയിൽ തന്റെ വിജയഗാഥ രചിക്കാൻ ഇതിനകം കഴിഞ്ഞു. എത്രയേറെ അവാർഡുകൾ വികാസിനെ തേടിയെത്തി. പ്രാരംഭഘട്ടത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടുവെങ്കിലും എഴുകോൺ കൃഷിഭവന്റെ അകമഴിഞ്ഞ സഹകരണവും നെടുമ്പായിക്കുളം വിഎഫ് പിസികെയുടെ പിന്തുണയും ഈ മേഖലയിൽ ഉറച്ചുനിൽക്കാൻ മനസിനു പകർന്നു.
ഏകദേശം ഒരേക്കറിൽ തുടങ്ങിയ കൃഷി ഇന്ന് നാലേക്കറോളം വിസ്തൃതിയിലായി. ഇതിൽ വെള്ളരി, പാവൽ, പയർ, പടവലങ്ങ, പപ്പായ തുടങ്ങിയ കൃഷികളാണ് കൂടുതലായി നട്ടിരിക്കുന്നത്. ഈയിടെയായി പപ്പായ പച്ചയ്ക്കു ധാരാളമായി ബേക്കറി ആവശ്യങ്ങൾക്കായി പോകുന്നുണ്ട്.
ജില്ലാതലം മുതൽ അനവധി നിരവധി പുരസ്കാരങ്ങൾ വികാസിനെ തേടി എത്തിയിട്ടുണ്ടെന്നു മാത്രമല്ല, അഗ്രികൾച്ചർ ഗവേഷണ വിദ്യാർഥികൾ, അധ്യാപകർ എന്നിവർ മിക്കപ്പോഴും നേരിട്ടുള്ള പഠനത്തിനായി ഇവിടെ എത്താറുണ്ട്, മലയാളികളായ സഹായികളെ കിട്ടുന്നതിൽ വെല്ലുവിളി നേരിടുന്നതിനാൽ, ഇപ്പോൾ ഇതരസംസ്ഥാന തൊഴിലാളികളാണ് സഹായികളായുള്ളത്.
സ്പ്രിംഗ്ലർ, ഡ്രിപ്ലർ , തുടങ്ങി എല്ലാ ആധുനിക രീതികളോടൊപ്പം മെഷീനുകളുടെ സഹായത്താലും, അയൺ സ്ട്രക്ച്ച റിലുള്ള പന്തലിന്റെ സഹായത്തോടേയുമാണ് കൃഷി മുമ്പോട്ടു കൊണ്ടുപോകുന്നത്. സ്വന്തം വാഹനത്തിലാണ് കാർഷിക ഉത്പന്നങ്ങളുടെ വിതരണം നടത്തുന്നത് ,
കൃഷിഭവന്റെ ആഴ്ച ചന്തയിലും കാർഷിക വിപണിയിലും കൊടുത്തശേഷം ബാക്കിയുള്ളവ നാട്ടിൻപുറത്തെ സ്ഥിരമായി വാങ്ങുന്ന പച്ചക്കറി കടക്കാർക്കാണ് നൽകുന്നത്. ഈ സാമ്പത്തിക വർഷം കാർഷിക വിപണിയിൽ മാത്രം നൽകിയത് പത്തര ലക്ഷം രൂപയുടെ കാർഷിക ഉൽപ്പന്ന ങ്ങളാണ്. ഏകദേശം 20 ലക്ഷത്തിലേറെ രൂപവാർഷിക വരുമാനം ഇപ്പോൾ ലഭിക്കുന്നതായി വികാസ് പറഞ്ഞു.
ജില്ലാതലത്തിൽ ഉൾപ്പെടെ 100 കണക്കിന് പുരസ്കാരങ്ങളാണ് വികാസിനെ തേടിയെത്തിയത്.
കൃഷി സംബന്ധമായ സംശയനിവാരണത്തിന് ആരു സമീപിച്ചാലും ഒരു സങ്കോചവും കൂടാതെ തനിക്ക് അറിയാവുന്നവ അവരവർക്ക് മനസിലാകത്തക്ക രീതിയിൽ പറഞ്ഞുകൊടുക്കാനുള്ള ഒരു നല്ല മനസും വികാസിന്റെ വ്യക്തിപ്രഭാവം വർധിപ്പിക്കുന്നു.