വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ചിറ്റുമല ബ്ലോക്കിൽ ജാഗ്രതസമിതികള്‍
1592910
Friday, September 19, 2025 6:34 AM IST
കൊല്ലം:വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി ചിറ്റുമല ബ്ലോക്കില്‍ ജാഗ്രതസമിതി. സ്ത്രീകള്‍നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരംകണ്ടെത്തി സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത്-ബ്ലോക്ക്തലങ്ങളില്‍ ജാഗ്രതസമിതികളും ശിശുസംരക്ഷണസമിതിയും മൂന്നുമാസത്തില്‍ ഒരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
ഗാര്‍ഹികപീഡനം, വസ്തുതര്‍ക്കം, കുടിവെള്ളപ്രശ്നം, കുട്ടികള്ക്കെതിരെയുള്ളഅതിക്രമം തുടങ്ങിവയില്‍ നിയമസഹായവും ലഭ്യമാക്കും. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററുണ്ട്.
സ്ത്രീകള്‍ക്കു നേരിട്ടും കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ വഴിയും പരാതി നല്‍കാം. കുടുംബ പ്രശ്നങ്ങളില്‍ കൗണ്‍സിലിംഗും പോക്സോ കേസുകളില്‍ അതിജീവിതര്‍ക്ക് കൗണ്‍സിലിംഗും നിയമപരിരക്ഷയും ലഭ്യമാക്കും.
പഞ്ചായത്ത്തലത്തില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ബ്ലോക്ക്തല ജാഗ്രതസമിതിയുടെ പരിഗണനയ്ക്ക് വിടും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സനും ബ്ലോക്ക് സെക്രട്ടറി കണ്‍വീനറും പഞ്ചായത്ത് പ്രസിഡന്റുമാരും ഐസിഡിഎസ് ഓഫീസര്‍മാരും അടങ്ങുന്നതാണ് ബ്ലോക്ക്തല ജാഗ്രത സമിതി. പഞ്ചായത്ത് ജാഗ്രതസമിതിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത് ബ്ലോക്ക്തല ജാഗ്രത സമിതിയാണ്. ലഭിച്ച പരാതികള്‍, സമയോചിതമായ ഇടപെടല്‍, ശിശുസംരക്ഷണസമിതി രൂപീകരണവും നടത്തിപ്പും തുടങ്ങിയവ ഉറപ്പുവരുത്തും.
പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണും വൈസ് പ്രസിഡന്റ് വൈസ് ചെയര്‍പേഴ്സനും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കണ്‍വീനറും പോലീസ്, അഭിഭാഷകര്‍ തുടങ്ങിയവരുമാണ് സമിതിയെ നയിക്കുന്നത്. ക്രിമിനല്‍പശ്ചാത്തലമുള്ള പരാതികള്‍ പോലീസിന് കൈമാറും.
പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ പറഞ്ഞു.