മൃഗാശുപത്രി മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം: പുനലൂരിൽ കൗൺസിൽ യോഗം അലങ്കോലപ്പെട്ടു
1339528
Sunday, October 1, 2023 12:59 AM IST
പുനലൂർ : മൃഗാശുപത്രി പുനലൂർ നഗരത്തിൽ നിന്നും മണിയാറിലേക്ക് മാറ്റുന്നത് സംബന്ധിച്ച വിഷയത്തിൽ കൗൺസിൽ യോഗത്തിൽ വാക്കേറ്റവും സംഘർഷവും ഇറങ്ങിപോക്കും.
ഇന്നലെ രാവിലെ 11 ഓടെ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി മണിയാറുള്ള നഗരസഭ വക 15 സെന്റ് ഭൂമി വിട്ടു നൽകുന്ന വിഷയം പരിഗണനയ്ക്ക് വന്നപ്പോഴായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം.
പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആളുകൾക്ക് നഗരത്തിൽ തന്നെ മൃഗാശുപത്രി പ്രവർത്തിക്കുന്നതാണ് സൗകര്യപ്രദം എന്നും വളർത്തുമൃഗങ്ങളുമായി എത്തുന്ന ആളുകൾ നഗരത്തിൽ എത്തിയശേഷം മണിയാർ വരെ പോകുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും മൃഗാശുപത്രി പട്ടണത്തിൽ നിന്നും മാറ്റരുതെന്നും സൗകര്യപ്രദമായ രീതിയിൽ മറ്റെവിടെങ്കിലും സ്ഥലം വിട്ടുനൽകുകയാണ് വേണ്ടതെന്നും യുഡിഎഫ് പാര്‍ലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് അഭിപ്രായപ്പെട്ടു.
എന്നാൽ നഗരത്തിൽ ആവശ്യമായ രീതിയിൽ ഭൂമി ലഭ്യമാകുന്നില്ലെന്നും നിലവിലുള്ള സാഹചര്യത്തിൽ മൃഗാശുപത്രി മണിയാറിലേക്ക് മാറ്റുന്നത് കൊണ്ട് പട്ടണത്തിൽ മറ്റിടങ്ങളില്‍ ഉള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ലെന്നും നഗരസഭ വൈസ് ചെയർമാൻ ഡി.ദിനേശന് അഭിപ്രായപ്പെട്ടു.
എന്നാല്‍ നഗരസഭ വക ഭൂമി തന്നെ നഗരത്തിന്റെ നടുവിലുണ്ടെന്ന് യു ഡി എഫ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. മണിയാര്‍ തന്നെ മൃഗാശുപത്രി സ്ഥാപിക്കാന്‍ ഇടതുമുന്നണി തീരുമാനം ആണെന്നും നിങ്ങള്‍ വിയോജിച്ചാലും തീരുമാനം എടുക്കുമെന്ന് അറിയിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ വോട്ടിംഗ് ആവശ്യപ്പെട്ടു.
മൃഗാശുപത്രിക്ക് മണിയാറിൽ സ്ഥലം വിട്ടു നല്കാന് അനുകൂലിക്കുന്നവര്‍ കൈ ഉയര്‍ത്താന്‍ ചെയര്‍പേഴ്സണ്‍ ബി .സുജാത ആവശ്യപ്പെട്ടു.
ഭരണപക്ഷ അംഗങ്ങള്‍ അനുകൂലിച്ചു എങ്കിലും യുഡിഎഫ് അംഗങ്ങളും എല്‍ഡിഎഫിലെ രഞ്ജിത് രാധാകൃഷ്ണന്, എന്‍.പി .അരവിന്ദാക്ഷന്, ഷൈന്‍ ബാബു എന്നീ അംഗങ്ങളും കൈ ഉയർത്തിയില്ല.
ഏതാനും എല്‍ഡിഎഫ് അംഗങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന് ചെയര്‍പേഴ്സണ്‍ ബി.സുജാത വൈസ് ചെയർമാൻ, മരാമത്ത് ചെയർമാൻ എന്നിവരോട് പരാതിയായി പറഞ്ഞതോടെ അവർ കൈ ഉയര്‍ത്താന്‍ ഉച്ചത്തില്‍ ആവശ്യപ്പെട്ടു കൊണ്ട് സമ്മര്‍ദ്ദം ചെലുത്തി.
അതോടെ ജനാധിപത്യത്തെ എല്‍ഡിഎഫ് വെല്ലുവിളിക്കുന്നു എന്നും സ്വതന്ത്ര അഭിപ്രായം പറയാന്‍ ഇടതുപക്ഷത്തെ കൗണ്‍സില്‍ അംഗങ്ങളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് അംഗങ്ങള്‍ ഇരിപ്പിടം വിട്ടിറങ്ങി.
തുടര്‍ന്ന് ഇരു പക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. പ്രതിപക്ഷ അംഗങ്ങൾ ആയ എന്‍. സുന്ദരേശന്, ഷെമി.എസ്.അസീസ്, എം.പി .റഷീദ് കുട്ടി, എസ്.പൊടിയന് പിള്ള, കെ. ബിജു എന്നിവരും ചെയര്‍പേഴ്സനും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നടന്നു.
എന്നാല്‍ ഇടതുമുന്നണി എടുത്ത തീരുമാനം നടപ്പാക്കുക തന്നെ ചെയ്യുമെന്നും മൃഗാശുപത്രിക്ക് മണിയാറിൽ സ്ഥലം വിട്ടു നല്കാന് തീരുമാനിക്കുമെന്ന് ചെയര്‍പേഴ്സണ്‍ യോഗത്തില്‍ അറിയിച്ചതോടെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജി .ജയപ്രകാശ് ബഹിഷ്കരണം പ്രഖ്യാപിച്ചു. തുടര്‍ന്ന് അംഗങ്ങൾ ഹാൾ വിട്ടിറങ്ങി.
ഭീഷണിപ്പെടുത്തി സ്ഥാപിത താല്പര്യങ്ങള് അടിച്ചേല്പിക്കാന് മാത്രമാണ് ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങൾ എന്നും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ സ്ഥാപനങ്ങള്‍ നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ ഉള്ളിലേക്കു മാറ്റാൻ നടത്തുന്ന ശ്രമങ്ങൾ ഇടതുമുന്നണി കൗണ്‍സിലര്‍ പോലും അംഗീകരിക്കാത്ത സാഹചര്യത്തില്‍ തീരുമാനം എടുക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ യോഗം അലങ്കോലപ്പെട്ടു.