വീടിന് തീകൊളുത്തിയ ഗൃഹനാഥന് ആത്മഹത്യ ചെയ്തു
1339234
Friday, September 29, 2023 10:40 PM IST
കടയ്ക്കല്‍: വീടിന് തീകൊളുത്തിയ ഗൃഹനാഥന് ആത്മഹത്യ ചെയ്തു. കടയ്ക്കൽ കുറ്റിക്കാട് തെന്നശേരിയിൽ അശോക വിലാസത്തില്‍ അശോകന് (50) ആണ് വീടിനു തീകൊളുത്തിയ ശേഷം വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങള്‍ ആണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. വീടിനും വീട്ടുപകരണങ്ങള്‍ക്കും തീയിട്ടെങ്കിലും ഇടയ്ക്ക് മഴ പെയ്തതിനാല്‍ വലിയരീതിയില്‍ തീ പിടിച്ചിരുന്നില്ല. എന്നാല്‍ വീട്ടുപകരണങ്ങള്‍ ഭൂരിഭാഗവും കത്തി നശിച്ചു.
വീട്ടില്‍ നിന്നും വലിയ രീതിയില്‍ തീയും പുകയും ഉയരുന്നതുകണ്ട് അയല്‍വാസിയാണ് കടയ്ക്കല്‍ ഫയര്‍ഫോഴ്സ് സംഘത്തെ അറിയിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ച ശേഷം നടത്തിയ പരിശോധനയില്‍ അശോകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കടയ്ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ ലേജു. മകൾ: അതുല്യ.