മുന്‍ വിരോധം: വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1338800
Wednesday, September 27, 2023 11:19 PM IST
ചവറ : ബൈക്കുകള്‍ തമ്മില്‍ തട്ടിയ വിരോധത്തില്‍ ബൈക്ക് യാത്രക്കാരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ പന്മന കല്ലിശേരി വീട്ടില്‍ ഷൈജന്‍(36) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പന്മന മേക്കാട് സെന്റ് ആന്റണീസ് ഡെയിൽഅഗസ്റ്റിനേയും ഇയാളുടെ ബന്ധുവായ ജോയല്‍ എന്ന യുവാവിനേയുമാണ് അറസ്റ്റിലായ യുവാവ് ഉള്‍പ്പെട്ട സംഘം കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനാണ് അഗസ്റ്റിന്. ഇയാളുടെ ബൈക്ക് പ്രതികളുടെ ബൈക്കുമായി തട്ടിയതിലുളള വിരോധം മൂലം ബന്ധുവായ ജോയലിനൊപ്പം ബൈക്കില്‍ വീടിന് സമീപം നില്‍ക്കുമ്പോഴാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.
ആക്രമണത്തില്‍ അഗസ്റ്റിന്റെ കഴുത്തിലും വയറിലും ജോയലിന്റെ ഇടത് കൈക്കും വെട്ടേറ്റു. അഗസ്റ്റിന്റെ ഭാര്യയുടെ പരാതിയില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ ഷൈജനെ പിടികൂടുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്.