കളക്ടറേറ്റ് സ്ഫോടനം: ബേസ് മൂവ്മെന്റിൽ തന്നെ നിർബന്ധിച്ച് ചേർത്തുവെന്ന് മാപ്പു സാക്ഷി
1338284
Monday, September 25, 2023 10:59 PM IST
കൊല്ലം: താൻ ബേസ് മൂവ്മെന്റ് എന്ന തീവ്രവാദ സംഘടനയിൽ അംഗമായിരുന്നുവെന്നും നിർബന്ധിച്ച് അതിൽ ചേർക്കുകയായിരുന്നുവെന്നും കേസിൽ മാപ്പു സാക്ഷിയാക്കിയ തമിഴ്നാട് സ്വദേശി മൊഴി നൽകി.
ജില്ലാ കോടതിയിൽ നടന്നു വരുന്ന കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസ് വിചാരണയിൽ കേസിൽ എല്ലാ പ്രതികളുടെയും പങ്ക് വെളിപ്പെടുത്തുന്ന മൊഴിയാണ് ഇയാൾ നൽകിയത്. രണ്ടാം പ്രതിയാണ് ബോംബു വച്ചതെന്നും മൂന്നാം പ്രതിയാണ് സാധനങ്ങൾ നൽകിയതെന്നും മൊഴി നൽകി. നാലം പ്രതിയാണ് സാമ്പത്തിക സഹായം നൽകിയത്. മലപ്പുറം, മൈസൂരൂ എന്നിവിടങ്ങളിലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കും ഇയാൾ മൊഴി നൽകി.
ബോംബ് വയ്ക്കുമെന്ന ഭീഷണി സന്ദേശം ബിജെപി നേതാവിന്റെ മൊബൈലിലേക്ക് അയച്ചതിന്റെ സ്ഥിരീകരണത്തിനായി ടെലികോം കമ്പനിയായ ടാറ്റ ഡോകോമയുടെ ഉദ്യോഗസ്ഥനെയും ഇന്നലെ വിസ്തരിച്ചു. എൻഐ.എ ഉദ്യോഗസ്ഥരായ അഞ്ചുപേർ, ചിറ്റൂർ, നെല്ലൂർ, മലപ്പുറം പോലീസ് സ്റ്റേഷനുകളിലെ എസ്ഐമാർ എന്നിവരടക്കമുള്ളവർ ഇനി വിസ്തരിക്കാനുള്ളവരുടെ പട്ടികയിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി ജില്ല ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആർ. സേതുനാഥ് കോടതിയിൽ ഹാജരായി.