ആലപ്പാട് സ്കൂളിൽ ആധുനിക പഠനമുറി തുറന്നു
1337068
Wednesday, September 20, 2023 11:57 PM IST
ആലപ്പാട്: സ്രായിക്കാട് സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കായി ആധുനിക പഠനമുറികളും ഉപകരണങ്ങളും സജ്ജമായി. സര്‍വശിക്ഷ കേരളം സ്റ്റാര്‍ വര്‍ണകൂടാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. കിഫ്ബിയില്‍ നിന്ന് 10ലക്ഷം രൂപയും ആലപ്പാട് പഞ്ചായത്തിന്റെ 12 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.
അഞ്ച് ഹൈടെക് ക്ലാസ് മുറികളിലായി 12 വ്യത്യസ്ത പഠന ഇടങ്ങളുണ്ട്. ഗണിതയിടം, ശാസ്ത്രയിടം, കരകൗശലയിടം, കളിയിടം, ഇ-ഇടം, ലൈബ്രറി എന്നിവയാണവ. 173 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.ഉദ്ഘാടനം സി .ആര്. മഹേഷ് എം എല്‍ എ നിര്‍വഹിച്ചു. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു .ഉല്ലാസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി .ഷൈമ, പ്രഥമാധ്യാപിക ജി .എസ് .അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.