മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ഏരൂര്‍ പഞ്ചായത്തിന്റെ ആദരവ്
1301154
Thursday, June 8, 2023 11:25 PM IST
അഞ്ചല്‍: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച മുഴവന്‍ വിദ്യാര്‍ഥികളേയും അനുമോദിച്ചു ഏരൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്നുമായി 140 വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് പി.എസ് സുപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഒരുകാലത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും ടിസി വാങ്ങി സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികള്‍ പോകുന്ന അവസ്ഥയായിരുന്നുവെങ്കില്‍ ഇന്ന് പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കാണ് എന്ന് എംഎല്‍എ പറഞ്ഞു.
വിദ്യാഭ്യാസ രീതിയില്‍ കാലോചിതമായി മാറ്റം വരുത്തി. സ്കൂളുകളുടെ അടിസ്ഥാന വികസനത്തിന് വലിയ പ്രധാന്യം നല്കുന്നു. കൂടുതല്‍ കെട്ടിടങ്ങള്‍, സൗകര്യങ്ങള്‍ എന്നിവര്‍ ഏര്‍പ്പെടുത്തി. മികച്ച വിദ്യാഭ്യാസം കൂടിയായതോടെ സംസ്ഥാന വിദ്യാഭ്യാസ രംഗം രാജ്യത്തിന് തന്നെ മാതൃകയായി എന്നും സുപാല്‍ കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി അജിത്ത് ഷൈന്‍ ബാബു, വി രാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുന്പോട് ഭാസി, പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു.