നേച്ചർ ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും
1301153
Thursday, June 8, 2023 11:25 PM IST
പുനലൂർ: ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന സന്ദേശവുമായി പ്ലാസ്റ്റിക് മലിനീകരണം മൂലം നിലനിൽപ്പിന് തന്നെ ഭീഷണി നേരിടുന്ന ഭൂമിക്കായി ഒരുമിച്ച് കൈകോർക്കാമെന്ന സന്ദേശവുമായി പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
പരിസ്ഥിതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹരിതം നേച്ചർ ക്ലബിന്റെ പ്രവർത്തനോദ്ഘാടനം പാലക്കാട് ജില്ലാ ആശുപത്രി ഓർത്തോപീഡിക്സ് ജൂനിയർ കൺസൽട്ടന്റ് ഡോ. ജാസിം സലിം വൃക്ഷത്തൈ കൈമാറി നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് അജി ആന്റണി അധ്യക്ഷനായ ചടങ്ങിൽ പ്ലാസ്റ്റിക് മുക്ത വിദ്യാലയം, പരിസ്ഥിതി സ്നേഹം, പരിസ്ഥിതി സംരക്ഷണം, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് വിദ്യാലയം ഇത്തവണ നടപ്പാക്കുന്ന ഗ്രീൻ കാമ്പസ് പ്രോജക്ടിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി എച്ച് എം സുജ വർഗീസ് വിദ്യാർഥികൾക്ക് സീഡ് ബോൾ നൽകി നിർവഹിച്ചു. എംപിടിഎ. പ്രസിഡന്റ് ഹയറുന്നീസ, സ്റ്റാഫ് സെക്രട്ടറി സി. ജെസി തോമസ്, ഹെഡ്മിസ്ട്രസ് പുഷ്പമ്മ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി മനുഷ്യൻ ഒന്നുചേരുകയെന്ന സന്ദേശമുയർത്തി വിദ്യാർഥികൾ അവതരിപ്പിച്ച ദൃശ്യാവിഷ്കാരം, പരിസ്ഥിതി സംരക്ഷണ ഗാനം, പരിസ്ഥിതി ദിന പ്രതിജ്ഞ, വലിച്ചെറിയൽ മുക്ത വിദ്യാലയ പ്രഖ്യാപനം എന്നിവയും ചടങ്ങുകളുടെ ഭാഗമായി നടന്നു.