കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്
1301148
Thursday, June 8, 2023 11:21 PM IST
കൊട്ടാരക്കര: ദേവസ്വത്തിന്റെ അനുമതിയില്ലാതെ മണികണ്ഠൻ ആൽത്തറയിൽ മൂന്നു വിളക്കിനു സമീപം സ്ഥാപിച്ച അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ രണ്ടാഴ്ചക്കുള്ളിൽ മാറ്റി സ്ഥാപിക്കാൻ മുൻസിപ്പാലിറ്റിയോട് ഹൈക്കോടതി.
ദേവസ്വം ഭൂമിയിൽ അനുമതി തേടാതെ പ്രതിമ സ്ഥാപിച്ചത്തിനെതിരെ ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചിരുന്നു. ഹൈന്ദവ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു. ഭൂമിയിൽ അവകാശമുന്നയിച്ച് റവന്യു വകുപ്പും രംഗത്തെത്തിയിരുന്നു. പ്രതിമ മൂന്നു വിളക്കിന് സമീപം സ്ഥാപിച്ചെങ്കിലും വിവാദത്തെ തുടർന്ന് അനാച്ഛാദനം ചെയ്തിരുന്നില്ല. മുടിപ്പൊതിഞ്ഞ് വച്ചിരിക്കുകയായിരുന്നു.
കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ സിവിൽ സ്റ്റേഷനിൽ സ്ഥാപിക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ അതിനുള്ള അനുമതി ലഭിക്കാതെ വന്നതോടെ പ്രതിമ മണികണ്ഠൻ ആൽത്തറയിലെ ശ്രീമൂലം ഷഷ്ഠി പൂർത്തി സ്മാരകത്തിൽ കൊണ്ട് വയ്ക്കുകയായിരുന്നു. തുടർന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ ഉചിതമായ സ്ഥാനത്തേക്ക് മാറ്റണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നത്തെ നഗരസഭ ഭരണ സമിതി അതിനു തയാറായില്ല.
സ്ഥലം ദേവസ്വം ബോർഡിന്റേതാണെന്നായിരുന്നു അവരുടെ വാദം. പൊതുമരാമത്ത് പുറമ്പോക്കാണെന്ന വാദവും ഉയർന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹിന്ദു ഐക്യവേദി നേതാക്കളും കേസിൽ കക്ഷി ചേർന്നിരുന്നു. തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാളിന്റെ ഷഷ്ഠിപൂർത്തി സ്മാരകമായാണ് മൂന്നു വിളക്ക് സ്ഥാപിച്ചത്. ഇതിനോട് ചേർന്നാണ് നഗരസഭ പ്രതിമ സ്ഥാപിച്ചത്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരുടേതാണ് ഉത്തരവ്.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രതിയ ഉചിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വിവിധ സാംസ്കാരിക സംഘടനകൾ ആവശ്യപ്പെട്ടു.