സ്വകാര്യ ബസ് ജീവനക്കാര് വഴിയില് ഉപേക്ഷിച്ച വയോധികന് മരിച്ച സംഭവത്തില് ബസ് കസ്റ്റഡിയില്
1299878
Sunday, June 4, 2023 6:52 AM IST
അഞ്ചല് : സ്വകാര്യ ബസില് ശാരീരിക അസ്വസ്ഥത അനുഭവിക്കുകയും ഛര്ദിക്കുകയും ചെയ്ത വയോധികനെ ജീവനക്കാര് കാത്തിരിപ്പ് കേന്ദ്രത്തില് ഉപേക്ഷിക്കുകയും പിന്നീട് ഇയാള് മരിയ്ക്കുകയും ചെയ്ത സംഭവത്തില് ബസ് കസ്റ്റഡിയില് എടുത്ത് ഏരൂര് പോലീസ്. ബസിലെ കണ്ടക്ടര്, ഡ്രൈവര് അടക്കമുള്ള ജീവനക്കാര്ക്കെതിരെ കേസും പോലീസ് രജിസ്റ്റര് ചെയ്തു. വ്യക്തിയുടെ ജീവന് സുരക്ഷ നല്കാത്തവിധം അശ്രദ്ധമായി പെരുമാറി, പെര്മിറ്റ് ലംഘനം എന്നീ വകുപ്പുകള് ചുമത്തിയാണ് ഏരൂര് പോലീസ് ബസ് ജീവനക്കാര്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം സംഭവം ശ്രദ്ധയില്പ്പെട്ടതായും ബന്ധപ്പെട്ടവരോട് റിപ്പോര്ട്ട് തേടിയതായും കൊല്ലം റീജണല് ആര്ടിഒ അറിയിച്ചു. റിപ്പോര്ട്ട് കിട്ടുന്ന മുറയ്ക്ക് ശക്തമായ നടപടി ഉണ്ടാകുമെന്നും അദേഹം പറഞ്ഞു. കണ്ടക്ടറുടെ ലൈസന്സും ബസിന്റെ പെര്മിറ്റ് ആടക്കം സസ്പെന്റ് ചെയ്യുന്ന നടപടികള് മോട്ടോര് വാഹന വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് റിപ്പോര്ട്ട്. സംഭവത്തില് മനുഷ്യാവകാശ കമ്മീഷനും നടപടി ആരംഭിച്ചിട്ടുണ്ട്. റൂറല് പോലീസ് മേധാവിയോട് ഇതുസംബന്ധിച്ച റിപ്പോര്ട്ട് അടിയന്തിരമായി നല്കാന് കമീഷന് നിര്ദേശിച്ചിട്ടുണ്ട്. ഡിവ ൈഎഫ്ഐ മുഴതാങ്ങ് യൂണിറ്റ് കമ്മിറ്റിയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയത്.
ഇളവറാംകുഴി-അര്ക്കന്നൂര് റൂട്ടിൽ സര്വീസ് നടത്തുന്ന ലക്ഷ്മി എന്ന ബസില് യാത്ര ചെയ്ത ഇടുക്കി പള്ളിവാസല് ചിത്തിരപുരം വെട്ടുകല്ലുമുറിയില് സിദീഖ് (60) നെയാണ് ബസ് ജീവനക്കാര് കഴിഞ്ഞ ദിവസം കാത്തിരിപ്പ് കേന്ദ്രത്തില് ഉപേക്ഷിച്ചത്. വിളക്കുപാറ സര്ക്കാര് മദ്യ വില്പന ശാലക്ക് സമീപം ലോട്ടറി വില്പന നടത്തിവരുന്ന സിദീഖ് ഉച്ചക്ക് രണ്ടോടെയാണ് ബസില് അഞ്ചലിലേക്ക് തിരിച്ചത്. ഇതിനിടയില് ബസില് ഛര്ദിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.
ഇതോടെ മുഴതാങ്ങിലുള്ള കാത്തിരിപ്പ് കേന്ദ്രത്തില് സിദീഖിനെ ഉപേക്ഷിച്ച ബസ് ജീവനക്കാര് പോവുകയായിരുന്നു. നാട്ടുകാര് വിവരം അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്ത് എത്തി സിദീഖിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അതേസമയം സ്വകാര്യ ബസ് ജീവനക്കാരുടെ നിരുത്തരവാദപരമായ നടപടിയില് നാട്ടുകാര്ക്കിടയില് വലിയ പ്രതിഷേധമാണ് ഉയര്ന്നത്. ബസ് ആശുപത്രിയിലേക്ക് പോവുകയോ ഏതെങ്കിലും ഒരു വാഹനത്തില് സിദീഖിനെ ആശുപത്രിയില് എത്തിക്കുകയോ ചെയ്തിരുന്നുവെങ്കില് ജീവന് രക്ഷിക്കനാകുമായിരുന്നുവെന്ന് നാട്ടുകാര് പറയുന്നു.
സംഭവത്തില് പ്രതിഷേധിച്ചു വൈകുന്നേരം സര്വീസ് നടത്തിയ ലക്ഷ്മി ബസ് ഡിവൈഎഫ്ഐ പ്രവര്ത്തകരും വാര്ഡ് മെമ്പര് അടക്കമുള്ളവരും ചേര്ന്ന് തടഞ്ഞു. പിന്നീട് ഏരൂര് സര്ക്കിള് ഇന്സ്പെക്ടര് എം.ജി വിനോദിന്റെ നേതൃത്വത്തില് പോലീസ് എത്തി വാഹനം കസ്റ്റഡിയില് എടുക്കുകയായിരുന്നു. സിദീഖ് മദ്യപിച്ചിരുന്നു എന്ന സംശയത്തെ തുടര്ന്ന് മറ്റ് യാത്രക്കാര്ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് കാത്തിരിപ്പ് കേന്ദ്രത്തില് ഉപേക്ഷിച്ചതെന്നാണ് ബസ് ജീവനക്കാര് പറയുന്നത്. ഒരു വിഭാഗം ബസ് ജീവനക്കാരും ലക്ഷ്മി ബസ് ജീവനക്കാരുടെ നിരുത്തരവാദപരമായ നടപടിയില് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകള്ക്ക് ആകെ നാണക്കേട് ഉണ്ടാക്കുന്ന പ്രവര്ത്തനമാണ് ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ഇവര് വ്യക്തമാക്കി. അതേസമയം പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തിയാക്കിയ മൃതദേഹം ശനിയാഴ്ച ബന്ധുക്കള് ഏറ്റുവാങ്ങി.