മുളകുപൊടി എറിഞ്ഞ് കവര്‍ച്ച: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
1298369
Monday, May 29, 2023 10:50 PM IST
അഞ്ചല്‍ : ഇടമുളയ്ക്കലില്‍ പട്ടാപകല്‍ മുളകുപൊടി എറിഞ്ഞ് 23 ലക്ഷം കവര്‍ച്ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമെന്നു പോലീസ്. കോട്ടപോയ്കയില് വഴോട്ടു പുത്തന്‍വീട്ടില്‍ നസീറിന്റെ വീട്ടില്‍ നിന്നുമാണ് മകന് സിബിന് ഷായെ കെട്ടിയിട്ടു കണ്ണില്‍ മുളകുപൊടി എറിഞ്ഞും കത്തികാട്ടി ഭീഷണിപ്പെടുത്തിയും വന്‍തുക കവര്‍ച്ച ചെയ്തത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടത്തുന്നത്. സിബിന് ഷായുടെ മുഖത്തും വീടിനുള്ളിലും എറിഞ്ഞ മുളകുപൊടി വീട്ടുടമ നസീറിന്റെ ബന്ധുവിന്റെ കടയില്‍ നിന്നും വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇവിടെ നിന്നും മുളകുപൊടി വാങ്ങിയതാര് എന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അഞ്ചല്‍ പട്ടണത്തിലെ കെട്ടിടം വില്പന നടത്തിയ വകയില്‍ ലഭിച്ച നാല്പത്തി നാലര ലക്ഷം രൂപയോളമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും 23 ലക്ഷം രൂപ കവര്‍ച്ച ചെയ്തുവെന്നാണ് പരാതി. ബാക്കി തുക വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്രയധികം തുക ഉണ്ടായിരുന്നിട്ടും 23 ലക്ഷം രൂപ മാത്രം കവര്‍ച്ച ചെയ്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. വീട്ടില്‍ വലിയതുക സൂക്ഷിച്ചിരുന്നതായി അറിവുള്ളവരോ അല്ലെങ്കില്‍ അവര്‍ വിവരം അറിയിച്ചത് പ്രകാരമുള്ളവരോ ആകാം കവര്‍ച്ചക്ക് പിന്നില്‍ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കൊല്ലത്ത് നിന്നും എത്തിയ വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും ശേഖരിച്ച തെളിവുകള്‍ പോലീസ് വിശധമായി പരിശോധിച്ച് വരികയാണ്. കവര്‍ച്ച നടന്ന വീടിന് സമീപം സിസിടിവി കാമറകള്‍ ഒന്നുമില്ല. പരിസരങ്ങളിലെ കാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം മൊഴി എടുത്ത വീട്ടുകാരില്‍ നിന്നും ഇന്നലെയും കൂടുതല്‍ വിവരങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. നാലംഗ മുഖമൂടി സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് വീട്ടുകാര്‍ പറയുന്നു. ഇവര്‍ വീടിനുള്ളില്‍ കടന്നതും കവര്‍ച്ചക്ക് ശേഷം രക്ഷപ്പെട്ടത് സംബന്ധിച്ചും അവ്യക്ത്ത തുടരുകയാണ്. പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.