അര്‍ബുദരോഗിയെ ഗാന്ധിഭവൻ ഏറ്റെടുത്തു
1282953
Friday, March 31, 2023 11:20 PM IST
പത്തനാപുരം: കൊല്ലം ചിതറ സ്വദേശിയായ അര്‍ബുദരോഗിയായ സുര (55) എന്ന മധ്യവയസ്കനെ ഗാന്ധിഭവന് ഏറ്റെടുത്തു.
വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ കഴുത്തില്‍ അര്‍ബുദം ബാധിച്ച് ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. രോഗബാധയെ തുടര്‍ന്ന് ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചു. ബന്ധുക്കളാരും തന്നെ സംരക്ഷിക്കാന്‍ തയ്യാറല്ല. തല ചായ്ക്കാന്‍ സ്വന്തമായി വീടു പോലുമില്ല. പരസഹായമില്ലാതെ ചലിക്കാന്‍പോലും കഴിയില്ല.
ഇത്രയും വലിയ വേദനയിലും സംരക്ഷിക്കാന്‍ ആരുമില്ലാതെ കിടന്ന ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ കടയ്ക്കല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എസ്. വിക്രമന് ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വിക്രമന്, കരകുളം ബാബു, ചിതറ പോലീസിന്റേയും ചിതറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അമ്മൂട്ടി മോഹന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗാന്ധിഭവനില്‍ ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോള്‍ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.