റബർ കൃഷിക്കായി പതിച്ചു നല്കിയ ഭൂമി; നിയമ-ചട്ട ഭേദഗതി നടത്തും: മന്ത്രി കെ.രാജന്
1264330
Thursday, February 2, 2023 11:28 PM IST
തിരുവനന്തപുരം: പത്തനാപുരം താലൂക്കില്‍ പിറവന്തൂര്‍ വില്ലേജില്‍ റബര്‍ കൃഷിക്കായി പതിച്ചു നല്കിയ ഭൂമി നിലവില്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അവകാശം നല്‍കുന്നതിനായി നിയമത്തിലും ചട്ടത്തിലും ഭേദഗതികള്‍ നടത്തുമെന്ന് മന്ത്രി കെ.രാജന് നിയമസഭയില്‍ പറഞ്ഞു.
പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്കുമാര് ഉന്നയിച്ച സബ്മിഷന് നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. റബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായാണ് തൊഴില്‍ രഹിതര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ഭൂമി പതിച്ചു നല്‍കിയത്. 1.21 ഹെക്ടര്‍ സ്ഥലം റബര്‍ കൃഷി ചെയ്യുന്നതിനും ബാക്കി സ്ഥലം താമസ ആവശ്യത്തിനുമാണ് ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
എന്നാല്‍ പട്ടയം ലഭിച്ചവര്‍ ഭൂമി ചെറിയ തുണ്ടുകളാക്കി തദ്ദേശ വാസികള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. അപ്രകാരം കൈമാറ്റം ചെയ്ത് കിട്ടിയ കുടുംബങ്ങളാണ് ഇപ്പോള്‍ അവിടെ കൃഷി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് 1960 ലെ ചട്ടുപ്രകാരം ഭൂമി പോക്കു വരവ് ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ചിട്ടുള്ള 500 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ നടത്തുന്ന ഈ ചട്ടഭേദഗതികളിലൂടെ ആശ്വാസം ലഭിക്കുന്നത്.
1960 ലെ നിയമത്തില്‍ ഭേദഗതി കൊണ്ടു വരുന്നതിനായി കഴിഞ്ഞ ജനുവരി 10-ന് ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ആയതിനാല്‍ ഇക്കാര്യത്തില്‍ നിയമത്തിലും ചട്ടത്തിലും ഭേദഗതി സഭയില്‍ കൊണ്ടുവരികയും നിലവില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കുകയും ചെയ്യുമെന്നും മന്ത്രി കെ.രാജന് സഭയെ അറിയിച്ചു.