സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: ഷിബു ബേബിജോണ്‍
1246654
Wednesday, December 7, 2022 11:09 PM IST
ചവറ : പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബിജോണ്‍. ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ആര് എസ് പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശങ്കരമംഗലത്ത് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള ജനത രണ്ടാമതും അധികാരത്തില്‍ എത്തിച്ചതിന്റെ അഹങ്കാരമാണ് പിണറായി സര്‍ക്കാരിന്. അഞ്ച് വര്‍ഷം അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അരി, പാല് ഉള്‍പ്പെടെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ കുത്തക മുതലാളിമാരെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിറ്റൂര്‍ ഭൂമി വിഷയത്തിലും പൊന്മന മൈനിംഗ് വിഷയത്തിലും ചവറയിലെ ജനപ്രതിനിധി നിസംഗത പുലര്‍ത്തുന്നു. സമസ്ത മേഖലയിലും അരാജകത്വവും സ്വജനപക്ഷപാതവും സര്‍ക്കാര്‍ സൃഷ്ടിച്ചുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചും തൊഴിലില്ലാത്ത ചെറുപ്പക്കാരെ വഞ്ചിച്ചും നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ തുടങ്ങിയ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു ആര്‍എസ്പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.
ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം സാലി ചടങ്ങിൽ അധ്യക്ഷനായി. ആര്‍എസ് പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാല്‍, ആര് എസ് പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിന് ജോണ്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോക്കാട്ട് റഹിം, ഡേറിയസ് ഡിക്രൂസ്, സി.ഉണ്ണികൃഷ്ണന്, സി.പി.സുധീഷ് കുമാര്‍, സക്കീര്‍ ഹുസൈന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ഡി.സുനില്‍കുമാര്‍, താജ് പോരൂക്കര, ശിവന്‍കുട്ടി, സുരേന്ദ്രന്, ശ്രീകുമാര്‍, അനിൽകുമാർ വടക്കുംതല, ദിവാകരന്‍പിള്ള, സാബു നടരാജന്, സി.അനിൽകുമാർ, ഗോപകുമാർ, ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹന്, ആര്‍വൈഎഫ് ദേശീയ ജോയിന്റ് സെക്രട്ടറി പുലത്തറ നൗഷാദ്, ചവറ മണ്ഡലം പ്രസിഡന്റ് സിയാദ് കോയിവിള, എസ്.രാജശേഖരൻപിള്ള, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, കോർപ്പറേഷൻ കൗൺസിലർ പുഷ്പാംഗദൻ, എസ്.ഷാനവാസ്, മുംതാസ്, ഐ.ജയലക്ഷ്മി, സുനിത ബിജു, ശ്രീദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വർഗബഹുജന സംഘടനകളുടെ പ്രമുഖ നേതാക്കൾ സമര പരിപാടിക്ക് നേതൃത്വം നൽകി.