ഗാന്ധിഭവനില്‍ വയോജനങ്ങളെ ആദരിച്ചു
1226660
Saturday, October 1, 2022 11:17 PM IST
പത്തനാപുരം: ഗാന്ധിഭവനിലെ അന്തേവാസികളായ എഴുപത് വയസ് പിന്നിട്ട മുഴുവന്‍ അന്തേവാസികളെയും പൂമാലയിട്ട് ആദരിച്ചും രാജാവിനെയും രാജ്ഞിയെയും തെരഞ്ഞെടുത്തും വയോജന ദിനം ആചരിച്ചു.
ജില്ലാ നിയമസേവന അതോറിട്ടിയും താലൂക്ക് നിയമസേവന കമ്മറ്റിയും ഗാന്ധിഭവനും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങിന്റെ ഉത്ഘാടനം പുനലൂര്‍ സ്പെഷല്‍ കോടതി ജഡ്ജ് എ. അബ്ദുല്‍ ജലീല്‍ നിര്‍വഹിച്ചു. പത്തനാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കെ.കെ. അശോക് അധ്യക്ഷനായി.
മുതിര്‍ന്ന പൗരന്മാര്ക്കായുള്ള നിയമങ്ങളെക്കുറിച്ച് അഡ്വ. പിങ്കിള്‍ ശശി ക്ലാസ്െടുത്തു. കെ.എം.കൃഷ്ണന്, ജി. രവീന്ദ്രന്, എസ്. ഗോപാലകൃഷ്ണന്, ടി.എം. മുഹമ്മദ് ഇക്ബാല്‍, അഡ്വ. കെ.എം. രാമചന്ദ്രന്, വര്‍ഗീസ് അലക്സാണ്ടര്‍, ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്റെ ചെറുമകളായ ലക്ഷ്മിയും ഭര്‍ത്താവ് ലക്ഷ്മീനാരായണനുമാണ് റാണിയും രാജാവുമായി തെരഞ്ഞെടുക്കപ്പെട്ടത്. ജഡ്ജ് അബ്ദുല്‍ ജലീല്‍ ഇരുവരെയും കിരീടമണിയിച്ചു. രാജാവിന് ചെങ്കോലും നല്കി ആദരിച്ചു.
രാജ്ഞിയായി തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്മിയുടെ ജ്യേഷ്ഠസഹോദരി ആനന്ദവല്ലിയമ്മാള്‍ എന്ന പാട്ടിയമ്മ പണ്ട്രണ്ട് വര്‍ഷം ഗാന്ധിഭവനില്‍ അന്തേവാസിയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് അവര്‍ മരിച്ചത്. അതിനുശേഷമാണ്, മക്കളില്ലാത്ത ലക്ഷ്മിയും ലക്ഷ്മീനാരായണനും വാര്‍ധക്യത്തിലെ ഒറ്റപ്പെടലില്‍ നിന്ന് രക്ഷതേടി ഗാന്ധിഭവനില്‍ അഭയം പ്രാപിച്ചത്.
എഴുപത് വയസ് പിന്നിട്ട ഗാന്ധിഭവനിലെ മുഴുവന്‍ അന്തേവാസികളെയും ജഡ്ജ് അബ്ദുള്‍ ജലീലും മജിസ്ട്രേറ്റ് കെ.കെ. അശോകും ചേര്‍ന്ന് പൂഷ്പഹാരം അണിയിച്ച് ആദരിച്ചു.