ശ്രീകുമാരൻ തമ്പിയ്ക്ക് അവാർഡ് സമ്മാനിച്ചു
1225652
Wednesday, September 28, 2022 11:02 PM IST
പരവൂർ: സംഗീത ചരിത്രത്തെ ദേവരാജൻ മാസ്റ്റർക്കു മുമ്പും പിമ്പും എന്ന് അടയാളപ്പെടുത്തുന്ന വിധം അത്ഭുതകരമായി സ്വാധീനം ചെലുത്തിയ അതുല്യ പ്രതിഭയായിരുന്നു ജി. ദേവരാജൻ എന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
പരവൂർ ഫൈ൯ ആർട്സ് സൊസൈറ്റി ഏർപ്പെടുത്തിയ, ചലച്ചിത്ര-സർഗാത്മകരംഗത്തെ സർവതോന്മുഖ പ്രവർത്തനമികവ് പരിഗണിച്ചു നൽകുന്ന ഫാസ്-ദേവരാജ അവാർഡ് സ്വീകരിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേവരാജ൯ മാസ്റ്ററുടെ സതീർഥ്യനും ആത്മമിത്രവുമായ മു൯മന്ത്രി സി.വി. പത്മരാജനാണ് 50,000 രൂപ ക്യാഷ് അവാർഡും ശില്പവും ശ്രീകുമാരൻ തമ്പി യ്ക്ക് സമ്മാനിച്ചത്. ഫാസ് പ്രസിഡന്റ് കെ. സദാനന്ദൻ പൊന്നാടയണിയിച്ച് ആദരിച്ചു.
ചലച്ചിത്ര പിന്നണിഗായകൻ സുദീപ്കുമാർ ദേവരാജൻ മാസ്റ്റർക്കുള്ള ഗുരുപൂജയായി അർപ്പിച്ചുകൊണ്ടു രചിച്ച രാഗതരംഗിണി എന്ന പുസ്തകം സി. വി. പത്മരാജന് നൽകി ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തു. ദേവരാജൻ മാസ്റ്ററുടെ 95-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ശ്രീകുമാരൻ തമ്പി രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനങ്ങൾ കോർത്തിണക്കി ചലച്ചിത്ര പിന്നണി ഗായകരായ സുദീപ് കുമാർ, ചിത്ര അരുൺ, ആതിര മുരളി എന്നിവർ അവതരിപ്പിച്ച ദേവരാജ സന്ധ്യ എന്ന പരിപാടിയും നടന്നു.