നുച്യാട് പാലം നിര്‍മാണം കിഫ്ബി ഏറ്റെടുക്കണം: സജീവ് ജോസഫ് എംഎല്‍എ
1571772
Tuesday, July 1, 2025 12:58 AM IST
ഉളിക്കൽ: മലയോര ഹൈവേയുടെ ഭാഗമായ നുച്യാട് പാലത്തിന്റെ നിര്‍മാണം കിഫ്ബി ഏറ്റെടുക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കത്ത് എംഎല്‍എ കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടര്‍ക്ക് നല്കി. മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രസ്തുത പാലത്തിന്റെ നിര്‍മാണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും സാങ്കേതിക നടപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചില്ല.
ഇത് സംബന്ധിച്ച് ഭരണാനുമതി പുതുക്കി തുക അനുവദിക്കുന്നതിനു വേണ്ടി ഫയല്‍ ധനകാര്യ വകുപ്പിന് നല്‍കിയിരുന്നെങ്കിലും തുക അനുവദിച്ചില്ല. പാലം വളരെ ഇടുങ്ങിയതാണ്. അതിനാൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇതുവഴി കടന്നുപോകുന്നത് വളരെ പ്രയാസമേറിയതും അപകടകരവുമാണ്.
ഈ പാലം മലയോര ഹൈവേയുടെ ഭാഗമായതിനാൽ ഗതാഗതക്കുരുക്ക് അതി രൂക്ഷമാണ്. അനുദിനം ഗതാഗതക്കുരുക്ക് വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ച മലയോര ഹൈവേയുടെ ഭാഗമായ നുച്യാട് പാലത്തിന്റെ നിര്‍മാണം മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കിഫ്ബി അധികൃതരോട് എംഎല്‍എ ആവശ്യപ്പെട്ടത്.