ചാലോട് ആൽമരത്തിന്റെ കൊന്പ് കെട്ടിടത്തിനു മുകളിൽ പൊട്ടിവീണു
1571397
Sunday, June 29, 2025 7:37 AM IST
മട്ടന്നൂർ: ശക്തമായ കാറ്റിലും മഴയിലും ചാലോട് ആൽമരത്തിന്റെ കൊന്പ് പൊട്ടി കെട്ടിടത്തിനു മുകളിൽ വീണു. ചാലോട്-ഇരിക്കൂർ റോഡിൽ കള്ളുഷാപ്പും കൈരളി സഹകരണ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലാണു ആൽമരത്തിന്റെ വൻ ശിഖരം പൊട്ടിവീണത്.
വെള്ളിയാഴ്ച രാത്രിയിലാണു ചെത്ത് തൊഴിലാളി സഹകരണ സംഘം മട്ടന്നൂർ റേഞ്ചിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിൽ ശിഖരം പൊട്ടിവീണത്. റോഡിനോടു ചേർന്നുള്ള മരത്തിന്റെ ശിഖരം കെട്ടിടത്തിനു മുകളിൽ വീണതുകൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്.
കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കും തൊട്ടടുത്ത എം. ഉത്തമന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. പൊട്ടിവീണ ശിഖരം പിന്നീട് മുറിച്ചുനീക്കി. അപകട ഭീഷണി ഉയർത്തുന്ന ആൽമരം മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.