ആറളത്ത് കാട്ടാന ആക്രമണം തുടരുന്നു
1571480
Monday, June 30, 2025 12:54 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണം തുടരുന്നു. ഇന്നലെ രാത്രി ബ്ലോക്ക് ഏഴിൽ കാട്ടാന ജാനകിയുടെ കോഴിക്കൂട് തകർത്തു. രാത്രി 12ന് ശേഷമാണ് ആനയെത്തി വീട്ടുമുറ്റത്തെ കമുക് ഉൾപ്പെടെ നശിപ്പിക്കുകയൂം കോഴിക്കൂട് തകർക്കുകയൂം ചെയ്തത്. ജാനകിയുടെ വീടിനു സമീപത്താണു കഴിഞ്ഞ ദിവസം ആന ഷെഡ് തകർത്തത്. കൊമ്പനാനയാണ് ആക്രമണം നടത്തിയത്.
ജാനകി വീട്ടിൽ തനിച്ചാണു താമസം. അടുത്ത വീട്ടിലെ ആളുകൾ അറിയിച്ചതിനെ തുടർന്നാണ് ആർആർടി സംഘം ഇവിടെയെത്തി ആനയെ തുരത്തിയത്. രണ്ടാഴ്ച മുന്പ് ജാനകിയുടെ വീടിന്റെ മുന്നിലും പിറകിലും രണ്ട് ആനകൾ എത്തി ഭീതി വിതച്ചിരുന്നു. ഭയന്നുപോയ ജാനകി രക്തസമ്മർദം കുറഞ്ഞ് തലകറങ്ങി വീണിരുന്നു. ബ്ലോക്ക് ഏഴിൽ മാത്രമല്ല പുനരധിവാസ മേഖലയിലെ എല്ലാ സ്ഥലങ്ങളും താമസക്കാർക്ക് സുരക്ഷിതമല്ലാതായിരിക്കുകയാണ്.
ആനയുടെ വ്യാപകമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുനരധിവാസ മേഖലയിൽ നടക്കുന്നത്. വട്ടക്കാട് മേഖലയിൽ ഇന്നലെ മൂന്നോളം ആനകൾ പകൽ സമയത്ത് തന്പടിച്ചിരുന്നു. ആനയെ തുരത്താൻ ആർആർടി സംഘം ശ്രമം തുടരുന്നു.