വണ്ണായിക്കടവ് പാലം പ്രദേശവാസികൾ ഉപരോധിച്ചു
1570905
Saturday, June 28, 2025 1:50 AM IST
പൈസക്കരി: കാലപ്പഴക്കത്താൽ തകർന്ന് അപകടാവസ്ഥയിലായ പാലം പൊളിച്ചുമാറ്റി ഉയരമുള്ള പുതിയ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പാലം ഉപരോധിച്ചു. പ്രാദേശിക വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമരം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തി പുതിയപാലം ഉടനടി നിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു.
പയ്യാവൂർ-പൈസക്കരി പ്രധാന പാതയിയിൽനിന്ന് ചെമ്പേരി, ആലക്കോട്, ചെറുപുഴ ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗമായ വണ്ണായിക്കടവ്-നെല്ലിക്കുറ്റി റോഡിൽ മൂന്നരപതിറ്റാണ്ട് മുന്പ് നിർമിച്ചതാണ് നിലവിലെ പാലം. മഴക്കാലത്ത് ഉയരം കുറഞ്ഞ പാലം വെള്ളത്തിനിടയിലാകുന്നതോടെ പ്രദേശവാസികൾ ഒറ്റപ്പെടുന്ന അവസ്ഥയിലാണ് കഴിയുന്നത്.പാലത്തിൽ നിന്ന് ഇരുപത്തഞ്ച് മീറ്റർ അകലെയുള്ള അങ്കണവാടിയിലേക്ക് ഈ പാലത്തിലൂടെ കുട്ടികളെ കൊണ്ടുപോകാൻ രക്ഷിതാക്കൾ ഭയക്കുകയാണ്.
എൽപി സ്കൂൾ മുതൽ കോളജ്തലം വരെയുള്ള വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകളും വാഹനങ്ങൾളും നിത്യവും കടന്നുപോകാനും ആശ്രയിക്കുന്ന പാലമാണിത്. പ്രാദേശിക വികസന സമിതി കൺവീനർ വിൽസൺ ചാക്കോ ആമുഖ പ്രഭാഷണം നടത്തി.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് തുരുത്തേൽ, പയ്യാവൂർ പഞ്ചായത്തംഗങ്ങളായ ടെൻസൺ കണ്ടത്തിൻകര, ടി.പി. അഷ്റഫ്, മുൻ പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, വികസന സമിതി ചെയർമാൻ ടി.ടി. സെബാസ്റ്റ്യൻ, കോ-ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.