നാടിന്റെ മനസറിഞ്ഞ് ഒരു ലയൺസ് ക്ലബ്
1571494
Monday, June 30, 2025 12:55 AM IST
ചെറുപുഴ: ജീവകാരുണ്യപ്രവർത്തനങ്ങൾ ഉൾപ്പടെ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന പാടിയോട്ടുചാൽ ലയൺസ് ക്ലബ് പുരസ്കാര നിറവിൽ. ഏറ്റവും മികച്ച ലയൺസ് ക്ലബ് റീജണൽ പ്രസിഡന്റിനുള്ള പുരസ്കാരമണ് ഇത്തവണ ക്ലബിനെ തേടിയെത്തിയത്. മികച്ച റീജണൽ പ്രസിഡന്റിനുള്ള പുരസ്കാരം ജീവ് ജയിംസ് റീജണൽ ചെയർമാൻ അബൂബക്കർ സിദ്ദിഖിയിൽ നിന്നും ഏറ്റുവാങ്ങി.
ജീവ് ജയിംസ് പ്രസിഡന്റായി ചുമതലയേറ്റ് ഒരു വർഷത്തിനകം നടപ്പാക്കിയ വ്യത്യസ്ത വിഭാഗങ്ങളിലായുള്ള 19 മെഡിക്കൽ ക്യാന്പുകൾ, ഡ്രഗ്, സൈബർ സെക്യൂരിറ്റി, ട്രാഫിക് റൂൾ, ഹെൽത്ത്, ഫാമിലി വെൽഫെയർ, മെന്റൽ ഹെൽത്ത് എന്നിവ ഉൾപ്പെടെ 23 ബോധവത്കരണ ക്ലാസുകൾ, നിർധന രോഗികൾക്കു നടപ്പാക്കിയ സഹായ പദ്ധതികൾ എന്നിവയടക്കമുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
മൂന്ന് സ്കൂളുകളിൽ കുടിവെള്ള പ്യൂരിഫയർ, നിർധന രോഗികൾക്ക് ചികിത്സാ സഹായം എന്നിവയും പരിസ്ഥിതി പ്രവർത്തനം, പച്ചക്കറി, ജൈവ കന്പോസ്റ്റ് നിർമാണ പദ്ധതികൾക്കൊപ്പം പൊതുസ്ഥലം ശുചിയായി സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും റോഡ് സുരക്ഷാ പദ്ധതികളും നടപ്പാക്കി.
എല്ലാ മാസവും ഹംഗർ റിലീഫ് പദ്ധതികളും നടത്തി വരുന്നതിനൊപ്പം വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് സൗജന്യമായി മരുന്നും ഭക്ഷണവും ചികിത്സാസഹായവും നൽകുന്നുണ്ട്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ലയൺസ് ക്ലബ് പാടിയോട്ടുചാലിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മികച്ച പ്രസിഡന്റ്, സർവീസ് പ്രോജക്ടുകൾ ചെയ്തതിന് പ്രത്യേക അവാർഡുകൾ, മെംബർഷിപ്പ് ഗ്രോത്ത് അവാർഡ്, ബെസ്റ്റ് ക്ലബ് പ്രസിഡന്റ് അവാർഡ് തുടങ്ങിയവയും ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്.