പേവിഷബാധ പ്രതിരോധം: സ്കൂള്‍ അസംബ്ലികളില്‍ ബോധവത്കരണം
1571756
Tuesday, July 1, 2025 12:58 AM IST
കണ്ണൂർ: പേവിഷബാധയ്ക്കെതിരേ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു. റാബിസ് സ്പെഷൽ സ്കൂൾ അസംബ്ലിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.
കുട്ടികൾക്കായി ആരോഗ്യ വകുപ്പ് തയാറാക്കിയ ബോധവത്കരണ പോസ്റ്ററുകൾ മന്ത്രി പ്രകാശനം ചെയ്തു. ജില്ലയിൽ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന ബോധവത്കരണ ഹോർഡിംഗ്സും മന്ത്രി പ്രകാശനം ചെയ്തു. കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
സ്കൂളുകളിൽ പേവിഷബാധയ്ക്കെതിരേ അവബോധം നല്‍കുന്നതിനാണ് അസംബ്ലി സമയത്തും പ്രത്യേക അസംബ്ലി വിളിച്ചുച്ചേർത്തും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയിൽ ക്ലാസുകൾ സംഘടിപ്പിച്ചത്.
മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷന്, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണം നൽകി. പേവിഷ ബാധ പ്രതിരോധം സംബന്ധിച്ച ക്ലാസിന് ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി. സച്ചിൻ നേതൃത്വം നല്കി. പേ വിഷ പ്രതിരോധത്തിനായി കുട്ടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന ലഘുലേഖകൾ പരിപാടിയിൽ വിതരണം ചെയ്തു.
ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പേ വിഷ പ്രതിരോധ ബോധ വത്കരണ പോസ്റ്ററുകൾ സ്ഥാപിക്കും.
പേ വിഷ പ്രതിരോധ കാമ്പായിനിന്റെ ഭാഗമായി വീഡിയോ പുറത്തിറക്കും. ജൂലൈ മാസത്തില്‍ എല്ലാ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പിടിഎ യോഗങ്ങളിലൂടെ സമാനമായ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.