ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ ഫണ്ടിൽ നിന്ന് 44 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം
1571392
Sunday, June 29, 2025 7:37 AM IST
കണ്ണൂർ: ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ (ഡിഎംഎഫ്) ജനറൽ കൗൺസിൽയോഗം ഖനന പ്രദേശങ്ങളിൽ ഡിഎംഎഫ് ഫണ്ടിൽനിന്ന് 44 ലക്ഷം രൂപയുടെ ആറ് പ്രവൃത്തികൾ നടത്തുന്നതിന് അംഗീകാരം നൽകി. 81.66 ലക്ഷം രൂപയുടെ പദ്ധതികൾ മൂന്ന് പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിന് സർക്കാറിന്റെ അനുമതി തേടും. നാല് പദ്ധതികൾ കണിച്ചാർ പഞ്ചായത്തിനാണ്.
നവബോധിനി വായനശാല കെട്ടിടം നിർമാണം ഒമ്പത് ലക്ഷം, അരുവിക്കര അങ്കണവാടി കെട്ടിടം പുനരുദ്ധാരണം അഞ്ച് ലക്ഷം, കണിച്ചാർ പഞ്ചായത്തിലെ നെല്ലാനിക്കൽ തോടിന്റെ രണ്ട് സംരക്ഷണ ഭിത്തികൾ നിർമിക്കുന്നതിന് 10 ലക്ഷം വീതം എന്നീ പദ്ധതികൾക്ക് അംഗീകാരം നൽകി. ശ്രീകണ്ഠപുരം നഗരസഭയിലെ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വയോജന വിശ്രമ കേന്ദ്രം പുനരുദ്ധാരണത്തിന് അഞ്ച് ലക്ഷം അനുവദിച്ചു. തൃപ്പങ്ങോട്ടൂർ നരിക്കോട്ടുമല ജിഎൽപി സ്കൂളിൽ വിനോദ പാർക്ക് നിർമാണത്തിന് അഞ്ച് ലക്ഷം അനുവദിക്കുന്നതിന് അംഗീകാരം നൽകി. 10 ലക്ഷത്തിന് മുകളിൽ വരുന്ന മൂന്ന് പദ്ധതികളാണ് സർക്കാർ അംഗീകാരത്തിനായി സമർപ്പിക്കുക.
യോഗത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സജീവ് ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, ജിയോളജിസ്റ്റ് കെ. ആർ. ജഗദീശൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.