ആൾത്താമസമില്ലാത്ത വീട്ടുപറന്പിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
1571407
Sunday, June 29, 2025 7:37 AM IST
കരുവഞ്ചാൽ: ആൾത്താമസമില്ലാത്ത വീട്ടുപറന്പിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടിയും കൈകാലുകളുടെ അസ്ഥിയും കണ്ടെത്തി. കരുവഞ്ചാൽ ഹണി ഹൗസിനു സമീപം പ്രവാസിയായ കുളത്തിനാൽ ബിജുവിന്റെ അടച്ചിട്ട വീടിനു സമീപത്താണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പഴക്കമുള്ള കാവിമുണ്ടും ട്രൗസറും ഷർട്ടും ഇതിനു സമീപമായും കണ്ടെത്തി.
ഒരുവർഷമായി വിദേശത്തുള്ള ബിജുവും കുടുംബവും അടുത്ത ആഴ്ച നാട്ടിലേക്ക് വരുന്നതിന് മുന്നോടിയായി തൊഴിലാളികളോട് പറന്പ് വൃത്തിയാക്കാൻ പറഞ്ഞിരുന്നു. വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ഇവർ തലയോട്ടിയും അസ്ഥികളും കണ്ടെത്തുന്നത്. വിടിന്റെ പിറക് വശത്തായി പലയിടങ്ങിലായാണ് തലയോട്ടിയും അസ്ഥികളും കിടന്നിരുന്നത്.
പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറന്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, ആലക്കോട് എസ്എച്ച്ഒ മഹേഷ് കെ. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
വീട്ടുപറന്പിലേക്ക് ആളുകളുടെ പ്രവേശനം നിരോധിച്ച് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ കണ്ണൂരിൽ നിന്ന് ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.