യുവാവിന്റെ ആത്മഹത്യ: ഒളിച്ചോടിയ ഭാര്യയും കാമുകനും അറസ്റ്റിൽ
1571394
Sunday, June 29, 2025 7:37 AM IST
മട്ടന്നൂർ: ഭാര്യ ഒളിച്ചോടിയതിനെ തുടർന്ന് ഇലക്ട്രീഷ്യനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ കീച്ചേരി ലൈല മൻസിലിൽ പി.കെ. സുനീറായിരുന്നു (30) ആത്മഹത്യ ചെയ്തത്.
ഭാര്യ ഇരിക്കൂർ പെടയങ്ങോട്ടെ എം. നസ്മിന(28), പാലോട്ടുപള്ളി സ്വദേശി മുഹമ്മദ് അഫ്നാസ് (29) എന്നിവരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാർച്ച് 16നായിരുന്നു സുനീറിനെ കീച്ചേരിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരിയിലായിരുന്നു ഭാര്യയുടെ ഒളിച്ചോട്ടം. രണ്ട് മക്കളെയും നസ്മിന ഒപ്പം കൂട്ടിയിരുന്നു.
തന്റെ കൈവശമുണ്ടായിരുന്ന സ്വർണവും പണവും എടുത്താണ് ഭാര്യ കാമുകനൊപ്പം പോയതെന്ന് സുനീറിന്റെ ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. സ്വർണവും പണവും പോലീസ് കണ്ടെത്തി ഉമ്മയെ എൽപ്പിക്കണമെന്നും ആത്മഹത്യാകുറിപ്പിൽ എഴുതിയിരുന്നു. മട്ടന്നൂർ ഇൻസ്പെക്ടർ എം.അനിലിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. എസ്ഐ കെ.എ. മധുസൂദനൻ, സിപിഒ ഷംസീർ അഹമ്മദ് എന്നിവരാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.